
കൊച്ചി: പട്ടാപ്പകൽ റോഡിൽ അപകട പരമ്പരയുണ്ടാക്കിയ സംഭവത്തിൽ 15കാരനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പും (എംവിഡി) പൊലീസും. വാഹനത്തിന്റെ ആർസി ഒരു വർഷത്തേയ്ക്ക് റദ്ദാക്കും. കുട്ടിക്ക് 25 വയസ് തികയും വരെ ലൈസൻസ് നൽകില്ല. കാറിന്റെ മരണപ്പാച്ചിലിൽ റോഡരികിൽ ബസ് കാത്തുനിന്ന വയോധികയ്ക്ക് പരിക്കേറ്റിരുന്നു. ഇവരുടെ ചികിത്സാച്ചെലവുകൾ കുട്ടിയുടെ പിതാവും ആർസി ഉടമയുമായ അബ്ദുൾ റഷീദ് വഹിക്കണം. മറ്റ് നഷ്ടപരിഹാരങ്ങളും അബ്ദുൾ റഷീദ് നൽകണമെന്നാണ് പൊലീസിന്റെയും എംവിഡിയുടെയും നിർദേശം.
വൈപ്പിൻ-മുനമ്പം സംസ്ഥാന പാതയിലും കണ്ടെയ്നർ റോഡിലും ഇന്നലെ രാവിലെയായിരുന്നു സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത്. എറണാകുളത്ത് സൂപ്പർമാർക്കറ്റ് നടത്തുന്ന കലൂർ സ്വദേശിയായ അബ്ദുൾ റഷീദിന്റെ പത്താംക്ലാസിൽ പഠിക്കുന്ന മകനാണ് കാറോടിച്ച് നിരവധി അപകടങ്ങളുണ്ടാക്കിയത്. സഹപാഠികൾക്കൊപ്പം ചെറായി ബീച്ചിൽ പോകാനായി പിതാവിന്റെ ഇന്നോവ ക്രിസ്റ്റ കാർ പിതാവറിയാതെ കുട്ടി എടുക്കുകയായിരുന്നു.
ചെറായി ബീച്ചിൽ നിന്ന് മടങ്ങുംവഴി ചാത്തങ്ങാട് ബീച്ച് ഭാഗത്ത് ഹോണ്ടാസിറ്റി കാറിൽ ഇടിച്ചതോടെയാണ് അപകട പരമ്പരയ്ക്ക് തുടക്കം. ഭയന്നുപോയ കുട്ടി കാർ നിറുത്താതെ ഓടിച്ചുപോയി. ഇതോടെ ഇടിയേറ്റ കാറിന്റെ ആൾക്കാർ ഡ്യൂക്ക് ബൈക്കിൽ വിദ്യാർത്ഥിയെ പിന്തുടർന്നു. തുടർന്ന് കുഴുപ്പിള്ളി ഭാഗത്ത് എത്തിയപ്പോൾ പറവൂർ - എറണാകുളം റൂട്ടിലോടുന്ന സ്വകാര്യബസിന്റെ സൈഡിൽ തട്ടി. ബസിന്റെ പെയിന്റ് ഇളകിയിട്ടുണ്ട്.
ഇതിനിടെ പിന്തുടർന്നെത്തിയ ബൈക്ക് കാറിനെ വട്ടമിട്ട് നിറുത്താൻ ശ്രമിച്ചപ്പോൾ ബൈക്കിലും ഇടിച്ചു. തുടർന്നുള്ള മരണപ്പാച്ചിലിൽ എടവനക്കാട് ഹൈസ്കൂളിന് സമീപം സ്റ്റോപ്പിൽ ബസ് കാത്തുനിന്ന താമരവട്ടം സ്വദേശിനി കോമളത്തെ (76) ഇടിച്ചുവീഴ്ത്തി. തലയ്ക്ക് പരിക്കേറ്റ കോമളം സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമാണെന്ന വിവരമുണ്ട്. മറ്റ് രണ്ട് പേർക്ക് നിസാര പരിക്കേറ്റു.
അപകടം കാണാനിടയായ എടവനക്കാട് സ്വദേശി ഷിജോയ് അറിയിച്ചതനുസരിച്ച് ഞാറയ്ക്കൽ പൊലീസ് സ്റ്റേഷന് മുന്നിൽ കാർ തടയാൻ ശ്രമിച്ചെങ്കിലും വെട്ടിച്ചുകടന്നു. തുടർന്ന് പൊലീസുകാർ ജീപ്പിൽ പിന്തുടർന്ന് ഗോശ്രീപാലം ഭാഗത്തുനിന്ന് രാവിലെ 9.30 ഓടെയാണ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുട്ടിയുടെ പിതാവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കാർ ഓടിക്കാൻ നൽകിയതിനാണ് കേസ്. കാറോടിച്ചിരുന്ന വിദ്യാർത്ഥിയെ രക്ഷിതാവിനൊപ്പം വിട്ടയച്ചു. അതേസമയം വീട്ടിൽ സുഖമില്ലാതെ കിടക്കുകയായിരുന്നുവെന്നും മകന് കാർ ഓടിക്കാൻ അറിയാമെന്നത് അറിവുണ്ടായിരുന്നില്ലെന്നുമാണ് പിതാവ് പറയുന്നത്. സഹപാഠികളുടെ വീടുകളിലെ കാർ ഓടിച്ചു പഠിച്ചെന്നാണ് വിദ്യാർത്ഥിയുടെ മൊഴി.