
പാട്ന: ബീഹാറിലെ മുൻ എംഎൽഎയും ജെഡിയു സ്ഥാനാർത്ഥിയുമായ അനന്ത് സിംഗ് കൊലക്കേസിൽ അറസ്റ്റിൽ. ബാർഹിലെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചയോടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ജൻ സുരാജ് പാർട്ടി പ്രവർത്തകനായ ദുലാർ ചന്ദ് യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മണികാന്ത് ഠാക്കൂർ,രഞ്ജിത് റാം എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ചയാണ് ദുലാർ ചന്ദ് യാദവ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെചട്ട യാദവ്.
പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന മരുമകൻ പ്രിയദർശി പീയുഷിന് വേണ്ടിയിട്ട് മൊകാമയിൽ പ്രചാരണം നടത്തുന്നതിനിടെയാണ് യാദവ് കൊല്ലപ്പെട്ടത്. അതേസമയം യാദവുമായി ബന്ധപ്പെട്ട കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നാണ് അനന്ത് സിംഗിന്റെ വാദം. യാദവും ജെഡിയു അനുയായികളും തമ്മിൽ തർക്കമുണ്ടായ സ്ഥലത്ത്നിന്നും താൻ വളരെ അകലെയായിരുന്നുവെന്നും അനന്ത് സിംഗ് പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. യാദവിന്റെ വാഹനങ്ങൾ നശിപ്പിച്ചതായി ചില പ്രവർത്തകർ പരാതിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തന്റെ എതിരാളിയായ ആർജെഡിയുടെ സ്ഥാനാർത്ഥി വീണാ ദേവിയുടെ ഭർത്താവാണ് കൊലപാതകത്തിന് പിന്നിലെന്നും തനിക്ക് ചീത്തപ്പേരുണ്ടാക്കാൻ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അനന്ത് സിംഗ് ആരോപിച്ചു.
2020ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡി സ്ഥാനാർത്ഥിയായി അനന്ത് സിംഗ് വിജയിച്ചിരുന്നുവെങ്കിലും 2022ൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അയോഗ്യനാക്കപ്പെട്ടു. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഭാര്യ നീലം ദേവി എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ആളുകള്‍ 'ഛോട്ടാ സര്‍ക്കാര്‍' എന്ന് വിശേഷിപ്പിക്കുന്ന അനന്ത് സിംഗിനെ 'ബാഹുബലി' അനന്ത് സിംഗ് എന്ന വിളിപ്പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.