
ന്യൂഡൽഹി: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയെ കാണാൻ കാത്തിരിക്കുന്ന കേരളത്തിലെ ആരാധകർക്ക് സന്തോഷവാർത്ത. 'ഗോട്ട് ടൂർ ടു ഇന്ത്യ 2025' ന്റെഭാഗമായി ലയണൽ മെസി ഹൈദരാബാദിലും എത്തുമെന്നും മലയാളികൾക്കും അദ്ദേഹത്തെ കാണാൻ അവസരമുണ്ടാകുമെന്നും പരിപാടിയുടെ ഏക സംഘാടകനായ പ്രമുഖ കായിക സംരംഭകൻ സതാദ്രു ദത്ത കഴിഞ്ഞദിവസം സ്ഥിരീകരിച്ചു.
മെസിയുടെ ഇന്ത്യയിലേയ്ക്കുള്ള വരവ് ഒരു പാൻ ഇന്ത്യ ഈവന്റ് ആക്കാനാണ് ആഗ്രഹിക്കുന്നത്. കൊച്ചിയിൽ നവംബർ 17ന് നടക്കാനിരുന്ന മത്സരം റദ്ദാക്കിയ സാഹചര്യത്തിൽ ദക്ഷിണേന്ത്യയിലെ വലിയൊരു വിഭാഗം ആരാധകർക്ക് മെസിയെ കാണാൻ അവസരമുണ്ടാകുന്നതിനാണ് ടൂറിൽ ഹൈദരാബാദിനെക്കൂടി ഉൾപ്പെടുത്തിയതെന്നും സതാദ്രു ദത്ത വ്യക്തമാക്കി. മുൻപ് പെലെ, ഡീഗോ മറഡോണ, റൊണാൾഡീഞ്ഞോ, എമിലിയാനോ മാർട്ടിനെസ് തുടങ്ങിയ ഇതിഹാസ താരങ്ങളെയും ദത്ത ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.
ഡിസംബർ 12നോ 13നോ ആയിരിക്കും മെസി ഇന്ത്യയിലെത്തുകയെന്നാണ് ദത്ത പറയുന്നത്. 13ന് രാവിലെ കൊൽക്കത്തയിൽ പര്യടനം നടത്തും വൈകിട്ട് ഹൈദരാബാദിലും. 14ന് മുംബയിലും 15ന് ഡൽഹിയിലും നടക്കുന്ന പരിപാടികളിൽ മെസി പങ്കെടുക്കും. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നും ദത്ത അവകാശപ്പെടുന്നു.
ഹൈദരാബാദിൽ ഗച്ചിബൗളി സ്റ്റേഡിയത്തിലോ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലോ ആയിരിക്കും മെസി പങ്കെടുക്കുന്ന പരിപാടി നടക്കുകയെന്നാണ് സംഘാടകൻ പറയുന്നത്. ടിക്കറ്റ് വില്പന ഒരാഴ്‌ചയ്ക്കകം ആരംഭിക്കുമെന്നും ദത്ത അറിയിച്ചു. മെസിക്കൊപ്പം ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും ഉണ്ടാകുമെന്നും വിവരമുണ്ട്.