suma-jayaram

ഒരുകാലത്ത് മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ സുപരിചിതയായി മാറിയ നടിയാണ് സുമ ജയറാം. പ്രമുഖ നടൻമാരുടെ സഹോദരിയായും നായികമാരുടെ സുഹൃത്തായും സുമ വേഷമിട്ടിരുന്നു. പതിമൂന്നാം വയസിൽ അഭിനയം ആരംഭിച്ച സുമയുടെ സിനിമാജീവിതം സുഖകരമായിരുന്നില്ല, 2003ൽ കുഞ്ചാക്കോ ബോബൻ നായകനായെത്തിയ കസ്തൂരിമാൻ എന്ന ചിത്രത്തിലാണ് സുമ അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ താരം അഭിനയം താൽക്കാലികമായി അവസാനിപ്പിച്ചതിനുപിന്നിലുളള കാര്യങ്ങൾ ഒരു യൂട്യൂബ് ചാനലിനോട് തുറന്നുപറഞ്ഞിരിക്കുകയാണ്.

'പല സിനിമകളിലും നല്ല വേഷം തരാമെന്നുപറഞ്ഞാണ് വിളിക്കുന്നത്. എന്നാൽ സെ​റ്റിലെത്തുമ്പോൾ എനിക്ക് കിട്ടുന്നത് ചെറിയ വേഷങ്ങളായിരുന്നു. പലരീതിയിലും എന്നെ അവഗണിച്ചിട്ടുണ്ട്. ആ സമയങ്ങളിൽ എനിക്ക് പകരമായി തമിഴ്നാട്ടിൽ നിന്ന് പെൺകുട്ടികളെ കൊണ്ടുവന്ന് അഭിനയിപ്പിച്ചിട്ടുണ്ട്. അവരൊക്കെ ഇപ്പോൾ മോശം അവസ്ഥയിലാണ് ജീവിക്കുന്നത്. ഇന്ന് സിനിമാ ലൊക്കേഷനിൽ എല്ലാവരും സുരക്ഷിതമാണ്. പണ്ട് അങ്ങനെ അല്ലായിരുന്നു. പല കാര്യങ്ങളും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാതെ വരുമ്പോൾ അവസരങ്ങളെല്ലാം നഷ്ടപ്പെടും. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഞാൻ വലിയ നായികയാകുമായിരുന്നു.

ഇന്ന് എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയാം. പക്ഷെ ആരും തുറന്നുപറയാൻ തയ്യാറാകില്ല. അഡ്ജസ്​റ്റ് ചെയ്യാൻ തയ്യാറായാൽ നിറയെ അവസരങ്ങൾ ലഭിക്കും. ഇപ്പോഴത്തെ വലിയ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ പോയിരുന്നു. പാലക്കാടായിരുന്നു ഷൂട്ടിംഗ്. ഞങ്ങളെ ഹോട്ടലിലായിരുന്നു താമസിപ്പിച്ചത്. രാത്രി പത്തുമണിയായപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ് നടന്നത്. അദ്ദേഹം ബാൽക്കണിയിലൂടെ വന്ന് എന്റെ മുറിയിൽ തട്ടുന്നതാണ് ഞാൻ കണ്ടത്. ഞാനും അമ്മയും പേടിച്ചാണ് മുറിയിലിരുന്നത്. പി​റ്റേദിവസം ലൊക്കേഷനിൽ അദ്ദേഹത്തിന്റെ വഴക്കായിരുന്നു കേട്ടത്. പേരൊന്നും എടുത്തുപറയാൻ കഴിയില്ല.

ഒരു നടനെക്കുറിച്ച് അടുത്തകാലത്ത് ഒരുപാട് ആരോപണങ്ങൾ കേട്ടല്ലോ. അതെല്ലാം സത്യമാണ്. അന്ന് ഒന്നും പ്രതികരിക്കാൻ കഴിയില്ലായിരുന്നു. അദ്ദേഹമൊക്കെ വിചാരിച്ചാൽ ഒരുപാട് സിനിമകളിൽ നിന്ന് നമ്മളെ മാ​റ്റിനിർത്താൻ കഴിയും. അതുപോലെ ഒരു വലിയ സിനിമാനിർമാതാവിന്റെ ഓഫീസിൽ പോകേണ്ട കാര്യമുണ്ടായിരുന്നു. അന്നെനിക്ക് 17 വയസായിരുന്നു. അന്ന് ഞാൻ കണ്ടത് ആ നിർമാതാവ് രണ്ടു സ്ത്രീകളെ കെട്ടിപ്പിടിക്കുന്നതാണ് കണ്ടത്.

എന്നോട് സിനിമ ചെയ്യേണ്ടന്ന് സുരേഷ്‌ഗോപി പറഞ്ഞിരുന്നു. മൂന്നാംമുറയെന്ന സിനിമയിൽ അഭിനയിക്കുന്നതിന് എന്നെ അമ്മാവൻമാർ വഴക്കുപറയുന്നത് അദ്ദേഹം കണ്ടു. ചെറിയ പ്രായത്തിൽ സിനിമയിൽ വരണ്ടെന്നും പഠിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് ഞാൻ സുരേഷ്‌ഗോപിയോട് വീട്ടിലെ അവസ്ഥ പറഞ്ഞത്'- സുമ ജയറാം പറഞ്ഞു.