
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ പുതിയ ഭരണസമിതി ചുമതലയേറ്റ ചടങ്ങിൽ തനിക്ക് ക്ഷണം ലഭിച്ചില്ലെന്ന് തുറന്ന് പറഞ്ഞ് മുൻ അദ്ധ്യക്ഷനും നടനുമായ പ്രേംകുമാർ. പുതിയ ഭരണ സമിതി അധികാരമേറ്റ ചടങ്ങിലെ പ്രേംകുമാറിന്റെ അസാന്നിദ്ധ്യം വലിയ ചർച്ചയായിരുന്നു. തുടർന്നാണ് വിഷയത്തിൽ അദ്ദേഹത്തിന്രെ പ്രതികരണം പുറത്ത് വരുന്നത്. തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയതും പുതിയ സ്ഥാനത്തേക്ക് റസൂൽ പൂക്കുട്ടി ചുമതലയേൽക്കുന്നതും അറിയിച്ചില്ലെന്നും നടപടി വിഷമം ഉണ്ടാക്കിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ താൽപര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെ തീരുമാനത്തെ അംഗീകരിക്കുന്നതായി പറഞ്ഞ അദ്ദേഹം പുതിയ ഭരണസമിതിക്ക് പൂർണ പിന്തുണ നൽകി. ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നെങ്കിൽ തീർച്ചയായും പങ്കെടുക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമ നിശബ്ദ സിനിമകളുടെ കാലഘട്ടത്തിലാണ് ആരംഭിച്ചതെന്നും ഇപ്പോൾ ശബ്ദത്തിൽ ഓസ്കാർ പുരസ്കാരം നേടിയ ഒരാൾ അതിന്റെ അധികാരചുമതല ഏറ്റെടുത്തിരിക്കുന്നത് പ്രതീകാത്മകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആശാ സമരത്തെ പിൻതുണച്ചതിനാലാണ് അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും ആരോപണങ്ങൾ ഉയുരുന്നുണ്ട്. സർക്കാർ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ പ്രചരിച്ചിരുന്നു. ആശാ സമരത്തെ പിൻതുണച്ചതിനാലാണോ തന്നെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനും അദ്ദേഹം തയ്യാറായില്ല.
ഹേമാകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ അന്നത്തെ ചെയർമാനായിരുന്ന സംവിധായകൻ രഞ്ജിത്തിന് നേരെ ലൈംഗികാതിക്രമ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ചതോടെയാണ് പ്രേം കുമാറിന് താൽക്കാലിക ചുമതല ലഭിച്ചത്. റസൂൽ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായും കുക്കു പരമേശ്വരൻ പുതിയ വൈസ് ചെയർപേഴ്സണായും കഴിഞ്ഞ ദിവസം ചുമതലേയേറ്റിരുന്നു.