
കാസർകോട്: ദേശീയ പാത നിർമാണത്തിനായി വീടിന്റെ ഒരുഭാഗം പൊളിക്കുന്നതിനെതിരെ പ്രതിഷേധിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കുടുംബം. വീടിന് മുകളിൽ ഗ്യാസ് സിലിണ്ടറും കുപ്പിയിൽ ഡീസലും എടുത്തുവച്ചായിരുന്നു ഇവർ ഭീഷണി മുഴക്കിയത്. കയ്യിൽ ഗ്യാസ് ലൈറ്ററുമുണ്ടായിരുന്നു. കാസർകോട് തെക്കിൽ എംടി ബഷീർ എന്നയാളുടെ വീട് പൊളിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം.
ദേശീയ പാതയുടെ നിർമാണം ഏറ്റെടുത്ത് നടത്തുന്ന കമ്പനി ഇവരുടെ വീടിന് മുന്നിലായി ഇന്ന് നിർമാണ പ്രവൃത്തികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വീടിന്റെ ഒരു ഭാഗം പൊളിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടതായി കുടുംബം പറയുന്നു. നിർമാണം നിർത്തിവയ്ക്കാൻ കോടതിയുടെ ഉത്തരവ് ലഭിച്ചതായും കുടുംബം വെളിപ്പെടുത്തി. എന്നാൽ സ്റ്റേ കോടതി നീക്കിയതായാണ് കമ്പനി പറയുന്നത്.
നോട്ടീസ് നൽകാതെയാണ് വീട് പൊളിക്കുന്നതെന്നും കുടുംബം ആരോപിച്ചു. നഷ്ടപരിഹാരം നൽകിയാൽ വീട് ഒഴിയാൻ തയ്യാറാണ്. നഷ്ടപരിഹാരം ലഭിക്കാതെ വീട്ടിൽ നിന്നിറങ്ങില്ല. ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി ആറുമാസം മുൻപ് വീടിന്റെ ഗേറ്റ് പൊളിച്ചിരുന്നു. തുടർന്ന് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. അതിനുശേഷം പണി നടന്നിട്ടില്ല. കോടതി ഉത്തരവ് പാലിക്കാതെയാണ് വീട് പൊളിക്കാൻ പോകുന്നതെന്നും വീട്ടുകാർ ആരോപിച്ചു.
പ്രതിഷേധത്തെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി വീട്ടുകാരുമായി ചർച്ച നടത്തി. തത്‌കാലം വീട് പൊളിക്കില്ലെന്നാണ് ധാരണയിലെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നാളെ കളക്‌ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തും. ഇതിനിടെ വീട്ടുകാർക്ക് പിന്തുണയുമായി പ്രദേശവാസികളും രംഗത്തെത്തി. സർവീസ് റോഡില്ലാത്ത സ്ഥലത്ത് എന്തിനാണ് കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.