
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ മുസ്ളീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെ തള്ളി ലീഗ്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ പാടില്ലെന്നായിരുന്നു മുസ്ളീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞത്.
'സർക്കാരിന്റെ വീഴ്ചകൾ പ്രതിപക്ഷത്തിന് ചൂണ്ടികാണിക്കാം, രാഷ്ട്രിയ വിമർശനങ്ങൾ വേണം. എന്നാൽ അത് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് കടക്കരുത്. അത് പാർട്ടി നയവുമല്ല. എല്ലാവരും ഇത്തരം കാര്യങ്ങളിൽ സൂക്ഷിക്കണം' എന്നാണ് പാണക്കാട് സാദിഖലി തങ്ങൾ പ്രതികരിച്ചത്. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് പിഎംശ്രീയിൽ ഒപ്പിട്ടത്. ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടുമല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനമെന്നായിരുന്നു പി എം എ സലാമിന്റെ അധിക്ഷേപം. മലപ്പുറം വാഴക്കാട് പഞ്ചായത്തിലെ മുസ്ളീം ലീഗ് സമ്മേളനത്തിലാണ് പി എം എ സലാമിന്റെ വിവാദ പരാമർശം.
വിവാദ പരാമർശത്തിൽ പ്രതികരിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റും രംഗത്തെത്തിയിരുന്നു. പി എം എ സലാമിന്റെ പരാമർശം തരംതാണതും രാഷ്ട്രീയ മര്യാദകൾ പാലിക്കാത്തതുമാണ്. രാഷ്ട്രീയ വിമർശനങ്ങൾക്ക് അവസരം ലഭിക്കാത്തതുകൊണ്ടാണ് വ്യക്തിപരമായ അധിക്ഷേപം നടത്തുന്നത്. അത്തരത്തിൽ തളർത്താമെന്നത് വ്യാമോഹമാണെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. അതേസമയം, പി എം എ സലാം നേരത്തെ നടത്തിയ സ്ത്രീയും പുരുഷനും തുല്ല്യരല്ലെന്ന പരാമർശവും വിവാദമായിരുന്നു.