
പാട്ന: ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ രാജ്യം ഒന്നടങ്കം അഭിമാനിച്ചപ്പോൾ അത് കോൺഗ്രസിനും സഖ്യകക്ഷിയായ ആർജെഡിക്കും ഇഷ്ടമായില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിലെ ആറാവിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനിലാണ് സ്ഫോടനങ്ങൾ നടന്നത്.എന്നാൽ ഉറക്കമില്ലാത്ത രാത്രികൾ ചിലവഴിച്ചത് കോൺഗ്രസിന്റെ രാജകുടുംബമാണ്. പാകിസ്ഥാനിലും കോൺഗ്രസിലും പേരിന് മാത്രം അധികാരം കൈയാളുന്ന ചിലർക്ക് ഓപ്പറേഷൻ സിന്ദൂറിന്റെ ഞെട്ടലിൽ നിന്ന് ഇപ്പോഴും മുക്തരാകാൻ കഴിഞ്ഞിട്ടില്ല'. ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
'പ്രതിപക്ഷ സഖ്യത്തിലെ സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട തർക്കത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിലും പ്രധാനമന്ത്രി പരിഹാസം ചൊരിഞ്ഞു. എൻഡിഎ വികസിത ഭാരതമെന്ന പ്രതിജ്ഞയുമായിട്ട് മുന്നോട്ട് പോകുമ്പോൾ മറുഭാഗത്ത് കോൺഗ്രസും ആർജെഡിയും തമ്മിൽ അടിപിടിയാണ്. നാമനിർദ്ദശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസത്തിന്റെ തലേദിവസമാണ് ബീഹാറിൽ അടച്ചിട്ട മുറിക്കുള്ളിൽ തട്ടിപ്പിന്റെ കളി നടന്നത്. ആർജെഡി നേതാവിനെ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
എന്നാൽ ആർജെഡി ആ അവസരം പാഴാക്കിയില്ല. ആർജെഡി കോൺഗ്രസിന്റെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി മുഖ്യമന്ത്രി സ്ഥാനം മോഷ്ടിച്ചു. ആ സ്ഥാനാർത്ഥി ആരാണെന്ന് പ്രഖ്യാപിക്കാൻ അവരെ നിർബന്ധിച്ചു'. അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇത്രയധികം വിദ്വേഷമുണ്ടെങ്കിൽ, പിന്നീട് അവർ പരസ്പരം തല തല്ലിപ്പൊളിക്കാൻ തുടങ്ങുമെന്നും ഇത്തരം ആളുകൾക്ക് ബിഹാറിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി ചൂണ്ടികാണിച്ചു.
ബിഹാറിനെ പൊള്ളയാക്കിയ ഇരുട്ടാണ് ജംഗിൾ രാജ്. ആർജെഡിയുടെ ജംഗിൾ രാജ് തിരിച്ചറിയുന്നത് തോക്ക്, ക്രൂരത, കയ്പ്പ്, അന്ധവിശ്വാസം, ദുർഭരണം, അഴിമതി എന്നിവകൊണ്ടാണെന്നും മോദി പറഞ്ഞു. നിതീഷ് കുമാറും എൻഡിഎ സർക്കാരുമാണ് ബിഹാറിനെ ആ ദുഷ്‌കരമായ കാലഘട്ടത്തിൽ നിന്ന് പുറത്തുകൊണ്ടുവന്നത്. നുഴഞ്ഞുകയറ്റക്കാർക്ക് പ്രതിപക്ഷ പാർട്ടികൾ പിന്തുണ നൽകുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
'അവർ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണ്. ബീഹാറിലെ വിഭവങ്ങളിൽ നിങ്ങൾക്ക് അവകാശമില്ലേ? നുഴഞ്ഞുകയറ്റക്കാരെ ബിഹാർ പിടിച്ചെടുക്കാൻ നിങ്ങൾ അനുവദിക്കുമോ? അവരെ സംരക്ഷിക്കുന്നവർ കുറ്റവാളികളല്ലേ? അവരുടെ ലക്ഷ്യങ്ങൾ അപകടകരമാണ്. അതിനാൽ നിങ്ങൾ ആർജെഡിയെയും കോൺഗ്രസിനെയും കരുതിയിരിക്കണം. അവർ ജംഗിൾ രാജിന്റെ പാഠശാലയിൽ പഠിച്ചവരാണ്,' അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫാക്ടറികൾ പൂട്ടിപ്പോയതിന് റെക്കാഡിട്ടവർക്ക് പുതിയ ബിസിനസുകൾ സ്ഥാപിക്കാനാകുമോ? നിക്ഷേപകർ ഫാനൂസും (ആർജെഡി ചിഹ്നം), ചെങ്കൊടിയും (സിപിഐഎംഎൽ ചിഹ്നം) കാണുമ്പോൾ ഇവിടെ പണം നിക്ഷേപിക്കുമോ? എൻഡിഎയ്ക്ക് മാത്രമേ നിക്ഷേപവും ജോലിയും കൊണ്ടുവരാൻ കഴിയൂ,' മോദി കൂട്ടിച്ചേർത്തു.