
മുംബെയ്: വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക. ഇന്ന് മൂന്നുമണിയോടെ തുടങ്ങേണ്ടിയിരുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരമാണ് മഴ കാരണം വൈകിയത്. മഴയെ തുടർന്ന് ഔട്ട് ഫീൽഡ് നനഞ്ഞ അവസ്ഥയായിരുന്നു. നവി മുംബെയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. രണ്ടു മണിക്കൂർ വൈകിയെങ്കിലും ഓവർ കുറയ്ക്കില്ല. ഇന്ന് മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ തിങ്കളാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
മത്സരത്തിൽ ഇന്ത്യ ജയിച്ചാൽ ടീമിന്റെ കന്നി കിരീടമായിരിക്കും. 2005, 2017 വർഷങ്ങളിൽ ലോകകപ്പ് ഫൈനൽ വരെയെത്തി ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതേസമയം ദക്ഷിണാഫ്രിക്കയുടെ കന്നി ഫൈനലാണിത്. ഇതിനുമുമ്പ് ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലാൻഡ് എന്നീ ടീമുകൾ മാത്രമാണ് വനിതാ ഏകദിന ലോകകപ്പിൽ മുത്തമിട്ടിട്ടുള്ളത്. ഇന്ത്യയുടെ ടോപ് സ്കോററായ സ്മൃതി മന്ദാന, ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ടക്കാരിയായ മാരിസാൻ കാപ്പ് എന്നിവരുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് കാണികൾ.
സെമിയിൽ ജെമീമ റോഡ്രിഗസ് ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ച്വറി നേടിയിരുന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, ഓൾറൗണ്ടർ ദീപ്തി ശർമ തുടങ്ങിയവരിലെല്ലാം ഇന്ത്യ പ്രതീക്ഷയർപ്പിക്കുന്നു. പരിക്കേറ്റു പുറത്തായ ഓപ്പണർ പ്രതിക റാവലിനു പകരമെത്തിയ ഷെഫാലി വർമയുടെ പ്രകടനവും ടീം മാനേജ്മെന്റ് ഉറ്റുനോക്കുന്നുണ്ട്. ഇന്ത്യൻ കാണികളുടെ മുന്നിൽ മത്സരിക്കുകയെന്ന കടുത്ത വെല്ലുവിളിയാണ് ദക്ഷിണാഫ്രിക്ക നേരിടുന്നത്. ഇരുടീമുകളുടെയും ആദ്യ കിരീടത്തിനായുള്ള പോരാട്ടമാണ് മഴ കാരണം വൈകിയത്.