messi

കൊൽക്കത്ത : കേരളത്തിലേക്കുള്ള മെസിയുടെ വരവിൽ അനിശ്ചിതത്വം തുടരവേ ഡിസംബറിലെ മെസിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ സംഘാടകൻ ശതാദ്രു ദത്ത പുതിയ ഓഫറുമായി രംഗത്ത്. ഡിസംബറിൽ കൊൽക്കത്ത, മുംബയ്, ഡൽഹി എന്നിവിടങ്ങളിൽ എത്തുന്ന മെസിയെ ഹൈദരാബാദിലേക്ക് കൂടി കൊണ്ടുവരുമെന്നാണ് ശതാദ്രു അറിയിച്ചത്. ദക്ഷിണേന്ത്യൻ ആരാധകർക്ക് വേണ്ടിയാണ് ഹൈദരാബാദിൽ വേദി ഒരുക്കുന്നത്. നവംബറിൽ മെസി കേരളത്തിലെത്തില്ലെന്ന് ഉറപ്പായതോടെയാണ് പുതിയ വേദിയൊരുക്കിയത്.

ശതാദ്രു നൽകുന്ന ഉറപ്പ് അനുസരിച്ച് ഡിസംബർ 12-ന് അർദ്ധരാത്രിക്ക് ശേഷം കൊൽക്കത്തയിലെത്തുന്ന മെസി 13-ന് കൊൽക്കത്തയിൽ പര്യടനം നടത്തും. അതേദിവസം വൈകീട്ട് ഹൈദരാബാദിലും 14-ന് മുംബൈയിലും 15-ന് ന്യൂഡൽഹിയിലും പരിപാടിയിൽ പങ്കെടുക്കും. ഡൽഹിയിൽപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്. ഹൈദരാബാദിലെ പരിപാടി ഗച്ചിബൗളി സ്റ്റേഡിയത്തിലോ രാജീവ്ഗാന്ധി സ്‌റ്റേഡിയത്തിലോ ആയിരിക്കും. ടിക്കറ്റ് വില്പന ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. മെസ്സിക്കൊപ്പം ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരുമുണ്ടാകുമെന്ന് ശതാദ്രു സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തേ പെലെ, മറഡോണ, റൊണാൾഡീഞ്ഞോ, എമിലിയാനോ മാർട്ടിനെസ്,കഫു തുടങ്ങിയവരുടെ ഇന്ത്യാ സന്ദർശനത്തിന് ചുക്കാൻ പിടിച്ചയായളാണ് ശതാദ്രു.