
അമരാവതി: ആന്ധ്രാപ്രദേശിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ക്ഷേത്രത്തിന്റെ ഉടമസ്ഥൻ ഹരി മുകുന്ദ പാണ്ഡെ രംഗത്ത്. ശ്രീകാകുളം ജില്ലയിൽ കാശിബുഗ്ഗയിലുള്ള ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ഏകാദശി ആഘോഷങ്ങൾക്കിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒമ്പത് പേർ മരിക്കുകയും ഒമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
പരിപാടിയെക്കുറിച്ച് ക്ഷേത്ര അധികൃതർ പ്രാദേശിക ഭരണകൂടത്തെ അറിയിക്കാതെ ഇരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടാൻ കാരണമായതെന്ന് ജനം ആരോപിച്ചിരുന്നു. എന്നാൽ, അതിന്റെ ആവശ്യം ഇല്ലായിരുന്നെന്നാണ് പാണ്ഡെ പ്രതികരിക്കുന്നത്.'എന്റെ സ്വകാര്യ ഭൂമിയിലാണ് ഞാൻ ക്ഷേത്രം പണിതത്. ഞാൻ എന്തിനാണ് പൊലീസിനെയോ ഭരണകൂടത്തെയോ അറിയിക്കേണ്ടത്?" അദ്ദേഹം മാദ്ധ്യമങ്ങളോട് ചോദിച്ചു.
നാലുമാസം മുൻപാണ് 94 വയസുള്ള ഹരി മുകുന്ദ പാണ്ഡെ ക്ഷേത്രം നിർമ്മിച്ചത്. തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന്റെ മാതൃകയിൽ, ചിന്നത്തിരുപ്പതി അല്ലെങ്കിൽ മിനി തിരുപ്പതി എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. കാർത്തിക മാസത്തിലെ ഏകാദശി ദിനത്തോടനുബന്ധിച്ച് വൻതിരക്കായിരുന്നു ക്ഷേത്രത്തിൽ. 25000ത്തോളം ഭക്തരാണെത്തിയതെന്ന് പൊലീസ് പറയുന്നു. ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരില്ലാതിരുന്നതും പ്രവേശിക്കാനും പുറത്തിറങ്ങാനും ഒരുകവാടം മാത്രം ഉണ്ടായിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡുകൾ മാത്രമാണ് സജ്ജമാക്കിയിരുന്നത്. ഈ ബാരിക്കേഡുകളിലേക്ക് ആളുകൾ വീണതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
പൊലീസിനെ നേരത്തെ അറിയിച്ചിരുന്നെങ്കിൽ, തിരക്ക് നിയന്ത്രിക്കാൻ അവർക്ക് ക്രമീകരണങ്ങൾ ചെയ്യാനാകുമായിരുന്നെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഇന്നലെ പ്രതികരിച്ചിരുന്നു. ദുരന്തത്തിന് ക്ഷേത്ര അധികൃതരെ കുറ്റപ്പെടുത്തിയ അദ്ദേഹം കേസിൽ കർശന നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, തന്റെ പേരിൽ ഒന്നിലധികം കേസുകൾ ചെയ്താലും പ്രശ്നമില്ലെന്നാണ് പാണ്ഡെയുടെ പ്രതികരണം. നിലവിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ഇയാൾക്കെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്.
ക്ഷേത്രത്തിൽ സാധാരണയായി സന്ദർശകർ കുറവാണെന്നും ഏകാദശി ദിനത്തിൽ ഇത്രയും വലിയ ജനക്കൂട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്നും പൂജാരി പറഞ്ഞു.'സാധാരണയായി ക്ഷേത്രത്തിൽ തിരക്ക് കുറവായിരിക്കും. ദർശനത്തിനുശേഷം ഭക്തർക്ക് പ്രസാദം ലഭിക്കും, അവർ പോകും. ഞാൻ ഒന്നും ചോദിക്കാറില്ല. ഞാൻ എന്റെ സ്വന്തം പണം കൊണ്ടാണ് ഭക്ഷണവും പ്രസാദവും പാകം ചെയ്യുന്നത്. എന്നാൽ ഇന്നലെ രാവിലെ 9 മണിയോടെ പെട്ടെന്ന് ജനക്കൂട്ടം വർദ്ധിക്കുകയായിരുന്നു. ഞങ്ങൾ പാകം ചെയ്ത പ്രസാദം തീർന്നു. കൂടുതൽ ഭക്ഷണം തയ്യാറാക്കാൻ ഞങ്ങൾക്ക് സമയം ലഭിച്ചില്ല.' അദ്ദേഹം പറഞ്ഞു.