rajasthan

ജയ്പൂർ: രാജസ്ഥാനിലെ പുഷ്കർ മേളയിൽ ഏകദേശം 21 കോടി വിലയുള്ള പോത്ത് ചത്തു. ജീവൻ പോയ പോത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കോടികൾ വിലയുള്ള പോത്തിനെ പ്രത്യേക ക്രമീകരണങ്ങളോടെയാണ് പുഷ്കർ മേളയിൽ എത്തിച്ചത്.

വെള്ളിയാഴ്ചയായിരുന്നു ആരോഗ്യം വഷളായതിനെ തുടർന്ന് പോത്ത് നിലത്ത് തളർന്ന് വീണത്. പോത്തിന്റെ ആരോഗ്യം മോശമായെന്ന വിവരം ലഭിച്ചയുടൻ മൃഗഡോക്ടർമാരുടെ ഒരു സംഘം സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. എന്നാൽ കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് പോത്തിന്റെ മരണത്തിനിടയാക്കിയത് എന്നാണ് മേളയിലെത്തിയവർ പറയുന്നത്. പോത്തിന്റെ ഭാരം കൂട്ടാനും കൂടുതൽ ബീജം പുറത്തെടുക്കാനും ഉടമകൾ അമിതമായി ഭക്ഷണവും മരുന്നുകളും നൽകിയെന്നാണ് ആരോപണം. കൂടുതൽ ആന്റിബയോട്ടിക്കുകളും വളർച്ചാ ഹോർമോണുകളുമാണ് പോത്തിന്റെ മരണത്തിന് കാരണമെന്നും സംശയമുണ്ട്. ഇൻഷുറൻസിനായി പോത്തിനെ കൊന്നതാകാമെന്നാണ് സോഷ്യൽമീഡിയയിലെ കമെന്റുകൾ.

ഏഷ്യയിലെ ഏറ്റവും വലിയ കന്നുകാലി മേളകളിലൊന്നാണ് രാജസ്ഥാനിലെ പുഷ്‌കർ മേള. ലോകത്തിലെ ഏറ്റവും വലിയ ഒട്ടകങ്ങളും കന്നുകാലികളുമാണ് മേളയുടെ സവിശേഷത. ഒക്ടോബർ 23 മുതൽ നവംബർ 7 വരെയാണ് മേള നടക്കുക. മികച്ച പാൽ ഉത്പാദക, മികച്ച കുതിര ഇനം, ഏറ്റവും അലങ്കരിച്ച ഒട്ടകം തുടങ്ങിയ മത്സരങ്ങളും മേളയുടെ പ്രത്യേകതകളാണ്. കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, പ്രാദേശിക വിഭവങ്ങൾ എന്നിവ വിൽക്കുന്ന വിവിധ സ്റ്റാളുകളും മേളയിലുണ്ട്.