
മംഗലപുരത്ത് കേരളത്തിന് തിരിച്ചടി
തിരുവനന്തപുരം : മംഗലപുരം കെ.സി.എ സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിനെതിരെ ഇരട്ട സെഞ്ച്വറിയടിച്ച് മറുനാടൻ മലയാളിതാരം കരുൺ നായർ. കഴിഞ്ഞ സീസൺ ഫൈനലിൽ വിദർഭയ്ക്ക് വേണ്ടി കേരളത്തിനെതിരെ വിദർഭയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയിരുന്ന കരുൺ ഇന്നലെ കർണാടകത്തിന് വേണ്ടിയാണ് 233 റൺസടിച്ചത്. മറ്റൊരു മദ്ധ്യനിര ബാറ്റർ ആർ. സ്മരണും ഇരട്ട സെഞ്ച്വറി (220 നോട്ടൗട്ട്) നേടിയതോടെ ആദ്യ ഇന്നിംഗ്സിൽ കർണാടകം 586/5 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തു.രണ്ടാം ദിനം ഒടുവിൽ മറുപടിക്കിറങ്ങിയ കേരളം സ്റ്റംപെടുക്കുമ്പോൾ 21/3 എന്ന നിലയിൽ പതറുകയാണ്.
ഇന്നലെ 319/3 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുരനരാംരഭിച്ച കർണാടകത്തിനായി കരുണും സ്മരണും ചേർന്ന് തകർത്താടുകയായിരുന്നു. നാലാം വിക്കറ്റിൽ 343 റൺസാണ് ഇവർ അടിച്ചുകൂട്ടിയത്. 389 പന്തുകളിൽ 25 ഫോറുകളും രണ്ട് സിക്സുകളും പായിച്ച് 233ലെത്തിയ കരുണിനെ ഒടുവി എൻ.പി ബേസിലാണ് പുറത്താക്കിയത്. തുടർന്ന് അഭിനവ് മനോഹർ (20) ശ്രേയസ് ഗോപാൽ (14 നോട്ടൗട്ട്) എന്നിവരെക്കൂട്ടി സ്മരൺ ഇരട്ട സെഞ്ച്വറി കടന്നു. 390 പന്തുകൾ നേരിട്ട സ്മരൺ 16 ഫോറുകളും മൂന്ന് സിക്സുകളും പായിച്ചു.
കൂറ്റൻ സ്കോർ ചേസ് ചെയ്യാനിറങ്ങിയ കേരളത്തിന് ഞൊടിയിടയിൽ കൃഷ്ണപ്രസാദ് (4), എം.ഡി നിധീഷ് (0), വിശാഖ്ചന്ദ്രൻ (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. എൻ.പി ബേസിലും (11), അക്ഷയ് ചന്ദ്രനുമാണ് (6) ക്രീസിൽ.