
ഖാർത്തൂം: കൂട്ടക്കൊലകൾ, ലൈംഗികാതിക്രമങ്ങൾ, തട്ടിക്കൊണ്ടുപോകൽ.., ജീവൻ കൈയിൽപിടിച്ച് പലായനം ചെയ്തുന്ന ജനത. ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊടുംക്രൂരതകൾ അരങ്ങേറുന്ന വടക്കേ ആഫ്രിക്കൻ രാജ്യമായ സുഡാൻ ആഭ്യന്തര യുദ്ധത്തിൽ വലയുകയാണ്. രണ്ടര വർഷത്തിനിടെ കവർന്നത് ഒന്നര ലക്ഷത്തിലേറെ പേരുടെ ജീവൻ.
കൂട്ടക്കൊലകളെപ്പറ്റി ഐക്യരാഷ്ട്ര സംഘടനയുടെ (യു.എൻ) ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സുഡാനിലെ ആഭ്യന്തര യുദ്ധം വീണ്ടും ചർച്ചയാകുന്നത്. സുഡാന്റെ ഔദ്യോഗിക സൈനിക തലവനായ അബ്ദേൽ ഫത്താ അൽ ബർഹാനും അർദ്ധ സൈനിക വിഭാഗമായ ആർ.എസ്.എഫ് (റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്) മേധാവി മുഹമ്മദ് ഹംദാൻ ഡഗാലോയും തമ്മിലുള്ള ശത്രുതയാണ് കൂട്ടക്കുരുതിക്ക് വഴിവച്ചത്.
2023 ഏപ്രിൽ 15 മുതലാണ് സൈന്യത്തിനെതിരെ ആർ.എസ്.എഫ് യുദ്ധം തുടങ്ങിയത്. അധികാരം പിടിച്ചെടുക്കുകയാണ് ലക്ഷ്യം. ക്രൂരതകളിൽ കുപ്രസിദ്ധിയാർജിച്ച ആർ.എസ്.എഫ് ന്യൂനപക്ഷ വിഭാഗങ്ങളേയും അറബ്-ഇതര ഗോത്ര വർഗക്കാരേയും വ്യാപകമായി ഇരകളാക്കുന്നു. കഴിഞ്ഞ മാസം നോർത്ത് ദാർഫൂർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അൽ-ഫാഷിർ ആർ.എസ്.എഫ് പിടിച്ചെടുത്തു. 10,000ത്തോളം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
നിരത്തി നിറുത്തും
വെടിവച്ച് കൊല്ലും
ആർ.എസ്.എഫുകാർ ആളുകളെ തെരുവിൽ തരംതിരിച്ച് നിരത്തി നിറുത്തി വെടിവച്ചു കൊല്ലും. സ്ത്രീകളെയും കുട്ടികളെയും ലൈംഗികാതിക്രമത്തിന് ഇരയാക്കും. ഒക്ടോബർ 28ന് അൽ-ഫാഷിറിലെ സൗദി ഹോസ്‌പിറ്റലിലേക്ക് ആർ.എസ്.എഫ് ഇരച്ചുകയറി ഡോക്ടർമാരും രോഗികളെയുമടക്കം 460ലേറെ പേരെയാണ് വെടിവച്ചു കൊന്നത്.
ഏകീകൃത സർക്കാരില്ല
1. സുഡാനിൽ നിലവിൽ ഏകീകൃത സർക്കാരില്ല. ബർഹാൻ ചെയർമാനായുള്ള കൗൺസിലിന്റെ കീഴിലെ സൈനിക ഭരണകൂടത്തിന് അന്താരാഷ്ട്ര അംഗീകാരമുണ്ട്. പോർട്ട് സുഡാൻ ആസ്ഥാനമാക്കി പ്രവർത്തനം
2. ഡഗാലോയുടെ നേതൃത്വത്തിലെ ആർ.എസ്.എഫ് ഭരണകൂടം. പിടിച്ചെടുത്ത പ്രദേശങ്ങൾ (പ്രധാനമായും പടിഞ്ഞാറ്) നിയന്ത്രിക്കുന്നു. നയാല നഗരം ആസ്ഥാനം
ആഭ്യന്തര യുദ്ധം
( 2023 ഏപ്രിൽ 15 മുതൽ)
കൊല്ലപ്പെട്ടവർ......................................................1,50,000
പട്ടിണിമൂലം മരിച്ച കുഞ്ഞുങ്ങൾ...................... 5,22,000
രാജ്യത്തിനുള്ളിൽ അഭയാർത്ഥികളായവർ.....88,56,000