d

മുംബയ്: 'നൂറ് രാജ്യങ്ങളിൽ ചീത്തപ്പേര്. ലോകം എനിക്ക് നൽകിയത് ഒരേയൊരു പേര് കിങ്" .. സാക്ഷാൽ ഷാരൂഖ് ഖാന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ പുതിയ സിനിമയുടെ ക്യാപ്ഷൻ ഇങ്ങനെയാണ്. എന്നാൽ സിനിമയിൽ മാത്രമല്ല,​ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനുപേരുടെ സ്വന്തം

കിങ് ഖാന്റെ അറുപതാം പിറന്നാൾ സിനിമാ പ്രേമികൾ ആഘോഷമാക്കി. പ്രായമെന്നാൽ വെറും സംഖ്യ മാത്രമെന്ന് അവർ പറയുന്നു. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുൾപ്പെടെ ഖാന് ആശംസകൾ നേ‌ർന്നു. അവർക്കും പറയാനുള്ളത് പ്രായമാകുംതോറും വർദ്ധിച്ചുവരുന്ന സൗന്ദര്യത്തെക്കുറിച്ചും ഊർജ്ജത്തെക്കുറിച്ചും. ഷാരൂഖിന്റെ ജന്മദിനം ഗ്രാൻഡ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ച് ആഘോഷമാക്കി യു.എ.ഇ.

1965 നവംബർ രണ്ടിനാണ് ഷാരൂഖിന്റെ ജനനം. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടമായി. പിന്നീട് കഠിനാധ്വാനത്തിലൂടെ ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർ താരമായി. അർണോൾഡ് ഷ്വാസ്‌നെഗറെയും ടോം ക്രൂസിനെയും ജാക്കി ചാനെയുമൊക്കെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും സമ്പന്നനായ നടന്മാരിൽ ഒരാളുമായി. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ലക്ഷക്കണക്കിനുപേരുടെ പ്രിയങ്കരൻ.

ഫ്രഞ്ച് സർക്കാരിന്റെ ലീജിയൻ ഒഫ് ഓണർ, നിരവധി വിദേശ യൂണിവേഴ്സിറ്റികളിൽ നിന്ന് ആദരം, അന്താരാഷ്ട്ര വേദികളിലെ താരം, ദുബായ് ടൂറിസം വകുപ്പിന്റെ ബ്രാൻഡ് അംബാസിഡർ, ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രശസ്തനായ ഇന്ത്യക്കാരൻ തുടങ്ങി ഷാരൂഖിനുള്ള പട്ടങ്ങൾ അനവധിയാണ്.

' കിങ് "

ജന്മദിനത്തോടനുബന്ധിച്ച് സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിങ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ റിവീൽ വീഡിയോയാണ് ഷാരൂഖ് ഇന്നലെ പുറത്തുവിട്ടു.ആദ്യമായി സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ഷാരൂഖ് ഈ സിനിമയിൽ എത്തുന്നത്.

മകൾ സുഹാനാ ഖാനും പ്രധാനവേഷത്തിലെത്തുന്നു. ദീപികാ പദുക്കോൺ ,​ അഭിഷേക് ബച്ചൻ, റാണി മുഖർജി, അനിൽ കപൂർ എന്നിവരാണ് മറ്റ് താരങ്ങൾ.