
അഞ്ച് കമ്പനികളുടെ ഓഹരി വിൽപ്പന ഈയാഴ്ച
കൊച്ചി: രാജ്യത്തെ പ്രാരംഭ ഓഹരി വിൽപ്പന(ഐ.പി.ഒ) വിപണിയിലെ ഉണർവ് തുടരുന്നു. നടപ്പുവാരം ഗ്രോ, പൈൻ ലാബ്സ് എന്നിവയുടെ ഉൾപ്പെടെ അഞ്ച് ഐ.പി.ഒകൾക്ക് തുടക്കമാകും. മൂച്വൽ ഫണ്ടുകൾ, സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പദ്ധതികൾ(എസ്.ഐ.പി) എന്നിവയിലൂടെ ആഭ്യന്തര ഫണ്ടുകൾ വിപണിയിൽ നിന്ന് സമാഹരിക്കുന്ന തുകയിൽ വലിയൊരു പങ്കും പ്രാരംഭ ഓഹരി വിൽപ്പനകളിലാണ് ഒഴുകിയെത്തുന്നത്. നവംബറിൽ ഇന്ത്യയിലെ ഐ.പി.ഒ വിപണി 76,000 കോടി രൂപ സമാഹരിച്ച് റെക്കാഡ് നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 31ന് ആരംഭിച്ച ലെൻസ്‌കാർട്ട് ഐ.പി.ഒയിൽ ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് നിക്ഷേപകരിൽ നിന്ന് ലഭിച്ചത്. ഐ.സി.ഐ.സി.ഐ പ്രൂഡൻഷ്യൽ, ക്ളീൻമാക്‌സ് എൻവിറോ എനർജി, ജൂനിപ്പർ ഗ്രീൻ എനർജി തുടങ്ങിയ കമ്പനികളുടെ ഓഹരി വിൽപ്പനയും അടുത്ത ദിവസങ്ങളിൽ നടക്കും.
ഒക്ടോബറിൽ 14 കമ്പനികൾ ചേർന്ന് ഇന്ത്യൻ വിപണിയിൽ നിന്ന് 46,000 കോടി രൂപയാണ് സമാഹരിച്ചത്. ടാറ്റ കാപ്പിറ്റൽ, എൽജി ഇലക്ട്രോണിക്‌സ് എന്നിവയുടെ ബമ്പർ ഓഹരി വിൽപ്പനകളാണ് വിപണിയിൽ ആവേശം സൃഷ്‌ടിച്ചത്.
പുതിയ ഓഹരി വിൽപ്പനകൾ
ഗ്രോ ഐ.പി.ഒ
രാജ്യത്തെ പ്രമുഖ ഓൺലൈൻ ബ്രോക്കിംഗ് സ്ഥാപനമായ ഗ്രോയുടെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് നാളെ തുടക്കമാകും. നവംബർ ഏഴിന് അവസാനിക്കും. 66.73 കോടി ഓഹരികൾ വിപണിയിൽ വിറ്റഴിച്ച് 6,632.3 കോടി രൂപയാണ് നിക്ഷേപകരിൽ നിന്ന് സമാഹരിക്കുന്നത്.
പൈൻ ലാബ്‌സ്
ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളുടെ വിതരണക്കാരായ പൈൻ ലാബ്സിന്റെ ഐ.പി.ഒ നവംബർ ഏഴിന് ആരംഭിച്ച് പതിനൊന്നിന് അവസാനിക്കും. 8.23 കോടി ഓഹരികൾ വിറ്റഴിച്ച് 2,080 കോടി രൂപയാണ് കമ്പനി സമാഹരിക്കുന്നത്.
പുതുതായി ലിസ്‌റ്റ് ചെയ്യുന്ന ഓഹരികൾ
കമ്പനി ലിസ്‌റ്റിംഗ്
ഓർക്ക്ല നവംബർ 6
സ്‌റ്റഡ്‌സ് അസോസിയേറ്റ്സ് നവംബർ 7
ഐ.പി.ഒ ആവേശം
വർഷം : കമ്പനികൾ: സമാഹരിച്ച തുക
2021: 63: 1.19 ലക്ഷം കോടി രൂപ
2022: 40: 50,372 കോടി രൂപ
2023: 57: 49,436 കോടി രൂപ
2024: 91: 1.6 ലക്ഷം കോടി രൂപ
2025: 81: 1.21 ലക്ഷം കോടി രൂപ
രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിൽപ്പന
ഹ്യുണ്ടായ് ഇന്ത്യ
സമാഹരിച്ച തുക
27,870 കോടി രൂപ