a

കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുകയെന്ന,​ തുട‌ർച്ചയുള്ളതും മഹത്തരവുമായൊരു ദീർഘശ്രമം അതിന്റെ സഫല സമാപ്തിയിലെത്തിക്കഴിഞ്ഞു. ഐക്യകേരളപ്പിറവി മുതലുള്ള ജനകീയ സർക്കാരുകളുടെ നിരന്തരമായ ക്ഷേമപ്രവർത്തനങ്ങളുടെ ഫലശ്രുതിയും അതിന്റെ ഏറ്റവും പുതിയ അദ്ധ്യായവുമാണ് മഹത്തായ ആ പ്രഖ്യാപനം.

2021-ൽ നീതി ആയോഗിന്റെ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്ക് കേരളത്തിലാണ്- 0.7 ശതമാനം. അത് പൂജ്യത്തിലെത്തിക്കുന്ന പ്രവർത്തനമാണ് നമ്മൾ വിജയിപ്പിച്ചത്. രാജ്യത്തെ ഇതര സംസ്ഥാനങ്ങൾക്കൊന്നും ഇത്തരമൊരു ലക്ഷ്യം ഇത്രയും കുറഞ്ഞ കാലംകൊണ്ട് നേടുകയെന്നത് സ്വപ്നംകാണാൻ പോലും കഴിയുന്നതല്ല. അതിലേക്കു നീങ്ങാനുള്ള സാമൂഹ്യമായ അടിത്തറ ദശാബ്ദങ്ങൾകൊണ്ട് നമ്മൾ രൂപപ്പെടുത്തിയതാണ്. അതിദാരിദ്ര നിർമ്മാർജ്ജനത്തിന്റെ ഏറ്റവും ശക്തമായ അടിത്തറ ഭക്ഷ്യഭദ്രതയാണ്. എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കിക്കൊണ്ട് 'വിശപ്പു രഹിത കേരളം" നാം സാദ്ധ്യമാക്കി. ഒരു ഭക്ഷ്യ കമ്മി സംസ്ഥാനമായിട്ടുകൂടിയും ഭക്ഷ്യ മിച്ചോത്പാദക സംസ്ഥാനങ്ങൾക്കു പോലും കഴിയാത്ത നേട്ടമാണ് കേരളം നേടിയത്. കാര്യക്ഷമമായ പൊതുവിതരണ സംവിധാനമാണ് ഇതിന് സംസ്ഥാനത്തിനു താങ്ങായത്.

വിപ്ളവകരമായ

'റേഷൻ കവറേജ്"

കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലുമായി 13,​861 റേഷൻകടകൾ പ്രവർത്തിക്കുന്നു. ഒറ്റപ്പെട്ട മലയോര പ്രദേശങ്ങളിലെ ഗോത്രവർഗ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യം എത്തിക്കുന്നതിന് 10 ജില്ലകളിലെ 21 താലൂക്കുകളിൽ 137 ആദിവാസി ഉന്നതികളിലേക്ക് സഞ്ചരിക്കുന്ന റേഷൻകടകൾ എത്തുന്നുണ്ട്. കിടപ്പു രോഗികൾക്ക് ഓട്ടോ തൊഴിലാളികളുടെ സഹായത്തോടെ വീടുകളിൽ റേഷൻ എത്തിച്ചു നല്‍കുന്ന 'ഒപ്പം" പദ്ധതി നടപ്പാക്കി. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത മാത്രമല്ല,​ മറ്റ് അവശ്യ നിത്യോപയോഗ വസ്തുക്കളുടെ ന്യായവിലയ്ക്കുള്ള ലഭ്യതയും ഉറപ്പു വരുത്താൻ സംസ്ഥാനത്തിനു കഴിഞ്ഞു.

സപ്ലൈകോയുടെ 1630 വില്‍പനശാലകളിലൂടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ നല്‍കുന്നു. 2016-ലെ സർക്കാർ തീരുമാനപ്രകാരം എട്ടു വർഷക്കാലം ഈ ഉത്പന്നങ്ങൾ വില വർദ്ധനയില്ലാതെയാണ് വിതരണം ചെയ്തത്. 2024 ഫെബ്രുവരി മുതൽ യുക്തിസഹമായ വിധത്തിൽ വില പരിഷ്കരിച്ചെങ്കിലും ഗണ്യമായ സബ്സിഡിയോടെയാണ് അവ ഇപ്പോഴും നല്‍കി വരുന്നത്. ദുരന്തഘട്ടങ്ങളിൽ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ച് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തി. 13 മാസങ്ങളിലായി 5505 കോടി രൂപ ചെലവിട്ട് 11 കോടിയിലധികം ഭക്ഷ്യകിറ്റുകളാണ് എല്ലാ കുടുംബങ്ങൾക്കുമായി വിതരണം ചെയ്തത്.

പ്രതിരോധത്തിന്റെ

കേരള മോഡൽ

ഈ വിധത്തിൽ ഭക്ഷ്യധാന്യ ലഭ്യത ഉറപ്പുവരുത്താൻ കഴിഞ്ഞതുകൊണ്ടാണ് ഭക്ഷ്യക്ഷാമവും വിലക്കയറ്റവും തടഞ്ഞു നിറുത്തി,​ താഴ്ന്ന വരുമാനക്കാരായ ജനങ്ങൾ ദാരിദ്ര്യത്തിലേക്കു നീങ്ങുന്നതിനെ പ്രതിരോധിക്കുവാൻ കേരളത്തിനു കഴിഞ്ഞത്. രാജ്യത്ത് ഏറ്റവും ഉയർന്ന കൂലി നിരക്കുകൾ ഉള്ളത് കേരളത്തിലാണ്. അതുകൊണ്ടാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷക്കണക്കിനു പേർ തൊഴിൽ തേടി കേരളത്തിൽ എത്തിയിട്ടുള്ളത്. എന്നാൽ,​ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതോ അല്ലാത്തതോ ആയ വിലക്കയറ്റവും നാണ്യപ്പെരുപ്പവും തൊഴിലാളികളുടെ യഥാർത്ഥ വരുമാനം ചോർത്തിക്കളയും.

നമ്മുടെ നിത്യഭക്ഷണത്തിലെ മുഖ്യ ഇനമായ അരി മുതൽ എല്ലാ അവശ്യവസ്തുക്കളും ഇറക്കുമതി ചെയ്യേണ്ടിവരുന്ന ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ ഉത്പാദക സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തങ്ങളോ ഗതാഗത തകരാറുകളോ കരിഞ്ചന്തയോ പൂഴ്ത്തിവയ്പോ എല്ലാം കേരളത്തിൽ ക്ഷാമത്തിനു പോലും കാരണമായേക്കാവുന്നതാണ്. എന്നാൽ ദുരന്തഘട്ടങ്ങളിൽപ്പോലും ഭക്ഷണ ലഭ്യത എല്ലാവർക്കും ഉറപ്പുവരുത്താൻ നമുക്കു കഴിഞ്ഞു. വൻകിട ഭക്ഷ്യോത്പാദക സംസ്ഥാനങ്ങളിൽപ്പോലും പലപ്പോഴും ഭക്ഷ്യ ദൗർലഭ്യവും പട്ടിണിയും നിലനില്‍ക്കുന്നുണ്ടെന്നു മാത്രമല്ല,​ പട്ടിണി മരണങ്ങൾ പോലും സംഭവിക്കുന്നത് ഓർക്കേണ്ടതുണ്ട്.

'റൈറ്റ് റ്റു ഫുഡ്" ക്യാമ്പയിന്റെ ഇക്കഴിഞ്ഞ മേയ് മാസത്തിലെ ജയ്‌പൂർ കൺവെൻഷൻ,​ രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണ ലഭ്യത ഉറപ്പുവരുത്താനുള്ള എൻ.എഫ്.എസ്.എ നിയമവും (നാഷണൽ ഫുഡ് സേഫ്ടി ആക്ട്)​ സർക്കാർ പദ്ധതികളും വിവിധ സംസ്ഥാനങ്ങളിൽ എങ്ങനെ പരാജയപ്പെട്ടു എന്ന് വിമർശനാത്മകമായി പരിശോധിച്ചിരുന്നു. അത്തരം പോരായ്മകളൊന്നും കേരളത്തിൽ സംഭവിച്ചതായി അവിടെ ഒരു വിമർശനവും ഉയർന്നില്ല. ഇത്തരമൊരു പ്രഖ്യാപനം മൂലം അതിദരിദ്ര വിഭാഗത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികൾ കേരളത്തിന് നഷ്ടമാകുമെന്ന് ഒരു വിതണ്ഡവാദം ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. കേരളത്തിൽ 5,80,​743 അന്ത്യോദയ അന്ന യോജന (എ.എ.വൈ)​ റേഷൻ കാർഡുകളിലായി 18,13,​484 ഗുണഭോക്താക്കളുണ്ട്. ഇവർക്ക് എ.എ.വൈ ആനുകൂല്യങ്ങൾക്കുള്ള അർഹത നഷ്ടപ്പെട്ടില്ലേ എന്നാണ് ചോദ്യം!

കേരളത്തോട്

ശത്രുതയോ?​

വാസ്തവം എന്താണ്? എ.എ.വൈ റേഷൻ കാർഡിന് അർഹതയുള്ള നിരവധി ആളുകൾക്ക് സ്ഥിരമായ വാസസ്ഥലം ഇല്ലാത്തതുകൊണ്ടോ,​ നടപടിക്രമങ്ങൾ അറിയാത്തതുകൊണ്ടോ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. തെരുവിൽ കഴിയുന്നവർ ഉൾപ്പെടെയുള്ള ഇത്തരക്കാരെ വിപുലമായ സർവെയിലൂടെ കണ്ടെത്തുകയും ആധാർ കാർഡ് മാത്രം അടിസ്ഥാനമാക്കി റേഷൻ കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. രോഗികൾക്ക് ചികിത്സയും താമസിക്കാൻ ഇടമില്ലാത്തവർക്ക് പാർപ്പിടവും നല്‍കി. ഇത്തരം നടപടികളിലൂടെയാണ് കേരളം അതിദാരിദ്രയ നിർമ്മാർജ്ജനം സാദ്ധ്യമാക്കിയത്. ഇത്തരം ഗുണഭോക്താവിനെ എ.എ.വൈ പട്ടികയിൽ നിന്ന് പുറത്താക്കണമെന്നാണോ വിമർശകരുടെ ആവശ്യം!

ബഹുമുഖമായ ഒട്ടേറെ പദ്ധതികളിലൂടെയും പ്രവർത്തനങ്ങളിലൂടെയുമാണ് നമ്മൾ അഭിമാനകരമായ ഈ മുഹൂർത്തത്തിൽ എത്തിനിൽക്കുന്നത്. വിശപ്പില്ലാത്ത കേരളം സൃഷ്ടിച്ചും എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കിയും ദുർബല വിഭാഗങ്ങൾക്ക് സൗജന്യ ചികിത്സ ഏർപ്പെടുത്തിയും എല്ലാമാണ് ഈ ലക്ഷ്യം പൂർത്തീകരിച്ചത്. രാജ്യത്തിനാകെ വഴികാട്ടിയായ ഈ മാതൃകയെ അപകീർത്തിപ്പെടുത്താനാണ് ചിലരുടെ ശ്രമം. ഇത് കേരളത്തിനു നേർക്കുള്ള ശത്രുതാപരമായ സമീപനമല്ലാതെ മറ്റൊന്നുമല്ല.