death

പാലക്കാട്/ കണ്ണൂർ: പാലക്കാട്ടും കണ്ണൂരും കുളത്തിലും കടലിലുമായി അഞ്ച് വിദ്യാർത്ഥികൾ മരിച്ചു. പാലക്കാട് ചിറ്റൂരിൽ കാണാതായ 14കാരായ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം അമ്പലക്കുളത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കണ്ണൂർ പയ്യാമ്പത്ത് കടലിൽ കുളിക്കാനിറങ്ങിയ കർണാടക സ്വദേശികളായ മൂന്ന് ഫാർമസി വിദ്യാർത്ഥികളാണ് മരിച്ചത്.

പാലക്കാട് ചിറ്റൂർകാവിന് സമീപം ചാമപറമ്പ് വാണിയത്തറ ദേവിനിവാസിൽ കാശിവിശ്വനാഥന്റെ മക്കളായ രാമനും ലക്ഷ്മണനെയുമാണ് വീടിനു സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്.

ശനിയാഴ്ച വൈകിട്ട് ഏഴോടെ കുട്ടികളെ കാണാതായിരുന്നു. ഇന്നലെ രാവിലെയാണ് ലക്ഷ്മണന്റെ മൃതദേഹം വടക്കത്തറയിലെ ലങ്കേശ്വരം ശിവ ക്ഷേത്രക്കുളത്തിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ രാമന്റെ മൃതദേഹവും കണ്ടെടുത്തു.

ശനിയാഴ്ച വൈകിട്ട് ഇരുവരും ഇലക്ട്രിക് സ്‌കൂട്ടറിൽ ശിവക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരുന്നു. തുടർന്ന് കുളത്തിൽ മീൻപിടിക്കാൻ ഇറങ്ങിയതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവർക്കും നീന്തൽ വശമില്ലായിരുന്നു. രാവിലെ കുളിക്കാനെത്തിയ പ്രദേശവാസിയാണ് ലക്ഷ്മണന്റെ മൃതദേഹം കരയ്ക്കടിഞ്ഞത് ആദ്യം കണ്ടത്. കുളത്തിന് വശങ്ങളിലായുള്ള ചണ്ടി നിറഞ്ഞ ഭാഗത്തായിരുന്നു രാമന്റെ മൃതദേഹം. ജ്യോതിയാണ് ഇരട്ട സഹോദരങ്ങളുടെ അമ്മ. സഹോദരി: പ്ലസ്ടു വിദ്യാർത്ഥി ദേവി.

കടലിൽ മുങ്ങിമരിച്ചത്

കർണാടക സ്വദേശികൾ

കണ്ണൂർ പയ്യാമ്പത്ത് കടലിൽ കുളിക്കാനിറങ്ങിയ ബംഗളൂരു അൽ അമീൻ കോളേജിലെ ഡിഫാം വിദ്യാർത്ഥികളായ കർണാടക ഹാസൻ സ്വദേശി അഫ്നാൻ അഹമ്മദ് (26), ബിഡ സ്വദേശി മുഹമ്മദ് റഹാനുദ്ദീൻ (26), ചിത്രദുർഗ സ്വദേശി എ. മുഹമ്മദ് അഫ്രോസ് (25) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ന് പള്ളിയാംമൂലയ്ക്കടുത്തായിരുന്നു സംഭവം. ഇവരടക്കം എട്ടംഗ സംഘം ശനിയാഴ്ച രാത്രിയെത്തി സമീപത്തെ റിസോർട്ടിൽ താമസിക്കുകയായിരുന്നു. ഇന്നലെ കുളിക്കാനിറങ്ങവേ ശക്തമായ തിരയിൽപെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്നാമനും തിരയിൽ പെടുകയായിരുന്നു.

ലൈഫ് ഗാർഡും കോസ്റ്റ് ഗാർഡും ചേർന്ന് അഫ്നാനേയും റഹാനുദ്ദീനേയും കരയ്ക്കെത്തിച്ച് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നരയോടെയാണ് അഫ്രോസിന്റെ മൃതദേഹം കണ്ടെത്തിയത്.

അപകട വിവരമറിഞ്ഞ് വിദ്യാർത്ഥികളുടെ ബന്ധുക്കൾ കണ്ണൂരിലെത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.