e

അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ഒമ്പത് പേർ മരിച്ച സംഭവത്തിൽ ഉത്തരവാദിത്വത്തിൽ നിന്നൊഴിഞ്ഞ്

ക്ഷേത്ര ഉടമ ഹരി മുകുന്ദ പാണ്ഡെ. ഏകാദശി ആഘോഷത്തെക്കുറിച്ച് ഭരണകൂടത്തെ അറിയിച്ചില്ല. സ്വന്തം ഭൂമിയിലാണ് ക്ഷേത്രം നിർമ്മിച്ചത്. അപ്പോൾ പൊലീസിനെയോ ഭരണകൂടത്തെയോ അറിയിക്കേണ്ട കാര്യമെന്താണുള്ളതെന്നും ഇയാൾ ചോദിച്ചു. മറ്റേതൊരു ദിവസത്തെപ്പോലെയുമാണ് നടപടിക്രമങ്ങളുണ്ടായിരുന്നത്. എന്നാൽ ഭക്തർ ക്രമാതീതമായി എത്തുകയായിരുന്നെന്നും 94കാരനായ ഹരി മുകുന്ദ പറയുന്നു.

നാല് മാസം മുമ്പാണ് ക്ഷേത്രം നിർമ്മിക്കാൻ പദ്ധതിയിട്ടത്. സാധാരണയായി തിരക്ക് കുറവായിരിക്കും. സ്വന്തം പണം കൊണ്ടാണ് ഭക്ഷണവും പ്രസാദവും നൽകുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതോടെ ആൾക്കൂട്ടം വർദ്ധിച്ചു. എത്ര കേസുകളെടുത്താലും പ്രശ്നമില്ലെന്നും ഇയാൾ പറഞ്ഞു.

അതേസമയം,​ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ഒരൊറ്റ വാതിലാണുണ്ടായിരുന്നതെന്നും ഇതാണ് ദുരന്തത്തിനുകാരണമായതെന്നും അധികൃതർ പറയുന്നു. ക്ഷേത്രം താത്കാലികമായി അടച്ചിരിക്കുകയാണ്. പരിസരത്ത് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

പൊലീസിനെ വിവരം അറിയിച്ചിരുന്നെങ്കിൽ, അവർക്ക് തിരക്ക് നിയന്ത്രിക്കാനാകുമായിരുന്നെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. കർശന നടപടി ഉറപ്പാക്കുമെന്നും വ്യക്തമാക്കി. പ്രവേശന കവാടം അടച്ചതിനാലാണ് ദുരന്തമുണ്ടായതെന്ന് മന്ത്രി നാരാ ലോകേഷും പറഞ്ഞു.