
പത്തനംതിട്ട: പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് നാളെ (തിങ്കളാഴ്ച) മൂന്ന് താലൂക്കുകൾക്ക് പ്രാദേശിക അവധിയായിരിക്കും. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ഈ താലൂക്കുകളിൽ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ പ്രാദേശിക അവധി അനുവദിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് കളക്ടർമാർ അറിയിച്ചിട്ടുണ്ട് .
ക്രൈസ്തവ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട പ്രഥമ ഭാരതീയൻ പരിശുദ്ധ ഗീവറുഗീസ് മാർ ഗ്രിിഗോറിയസ് തിരുമേനി, എന്ന പരിശുദ്ധ പരുമല തിരുമേനിയുടെ 123ാം ഓർമ്മപ്പെരുന്നാളാണ് ഇക്കുറി നടക്കുന്നത്. ഒക്ടോബർ 26നാണ് പരുമല പെരുന്നാളിന് കൊടിയേറിയത്. സമാപനദിവസമായ നാളെ വലിയ ആഘോഷമാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് നാളെ മൂന്നു താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചത്.