a

കേരളത്തിൽ അതിദാരിദ്ര്യം അവസാനിപ്പിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശുദ്ധനുണയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുൻനിറുത്തി ജനങ്ങളെ കബളിപ്പിക്കാനുള്ള തട്ടിപ്പുമാണ്. ഭക്ഷണം, പാർപ്പിടം, ആരോഗ്യം, വരുമാനം എന്നീ അടിസ്ഥാസൗകര്യങ്ങൾ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഇത്തരം ലക്ഷക്കണക്കിനു പേരാണ് കേരളത്തിലുള്ളത്. അർഹരായ പല കുടുംബങ്ങളെയും ഒഴിവാക്കിയാണ് അതിദാരിദ്ര്യ പട്ടിക തയ്യാറാക്കിയത്. ആദ്യ സർവേയിൽ രണ്ടുലക്ഷത്തി അറുപതിനായിരം കുടുംബങ്ങൾ ഉണ്ടായിരുന്നു എന്നത് മറച്ചുവച്ച് എണ്ണം ഗണ്യമായി കുറച്ചാണ് സർവേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് (64,​006 കുടുംബങ്ങൾ!). അതിജീവനത്തിനായി പൊരുതുന്ന ലക്ഷക്കണക്കിന് പാവങ്ങളുള്ള നാട്ടിൽ അതിദാരിദ്രം അവസാനിച്ചെന്ന പ്രഖ്യാപനം ജനങ്ങളെ പരിഹസിക്കലല്ലാതെ മറ്റൊന്നുമല്ല.

2021-ലെ പ്രകടനപത്രികയിൽ,​ സംസ്ഥാനത്ത് പരമദരിദ്രരായ നാലര ലക്ഷം പേരുണ്ടെന്ന് എൽ.ഡി.എഫ് സമ്മതിച്ചിട്ടുണ്ട്. ഈ നാലര ലക്ഷം അതിദരിദ്രരുടെ എണ്ണം എന്ത് ചെപ്പടിവിദ്യയിലൂടെയാണ് 64,​006 ആയി ചുരുക്കിയത്? കേന്ദ്ര സർക്കാരിന്റെ മാനദണ്ഡമനുസരിച്ച് സംസ്ഥാനത്തെ അതിദരിദ്രരായ 5,91,194 പേർക്ക് എ.എ.വൈ പദ്ധതി പ്രകാരം മഞ്ഞ കാർഡ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. ഇവരെല്ലാം അതിദാരിദ്ര്യത്തിൽ നിന്ന് മാറിയോ? അങ്ങനെ മാറിയെങ്കിൽ കേന്ദ്രം നൽകുന്ന റേഷൻ വിഹിതം ഉൾപ്പെടെ ഇല്ലാതാകില്ലേ?

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത്,​ അഗതികൾക്കായുള്ള 'ആശ്രയ" പദ്ധതിയിലും ഒന്നര ലക്ഷം പേരുണ്ടായിരുന്നു. ആ പട്ടികയിൽ ഉൾപ്പെട്ടിരുന്നവരുടെയും എണ്ണം കുറഞ്ഞത് എങ്ങനെയാണ്? 2011-ലെ സെൻസസ് പ്രകാരം 1.16 ലക്ഷം ആദിവാസി കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികൾ കേരളത്തിലുണ്ട്. ഇതിൽ 6400 കുടുംബങ്ങൾ മാത്രമാണ് സർക്കാർ ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന തട്ടിക്കൂട്ട് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ബാക്കിയുള്ളവരെല്ലാം സമ്പന്നരാണോ? അവരെല്ലാം വിദ്യാഭ്യാസ, പാർപ്പിട, ആരോഗ്യ, ഭക്ഷണ കാര്യങ്ങളിൽ സുരക്ഷിതരാണോ?

64,​006 പേരുടെ പട്ടിക എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. ഇതിൽ ആസൂത്രണ ബോർഡിനും സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പിനും പങ്കുണ്ടോ? അവരുമായി കൂടിയാലോചിച്ചാണോ പട്ടിക തയ്യാറാക്കിയത്? അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിൽ സുപ്രധാന ഘടകം,​ സ്വന്തമായി ഭൂമിയും കെട്ടുറപ്പുള്ള വീടുമാണ്. ഇപ്പോൾ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന 64,​006 കുടുംബങ്ങളിൽ എല്ലാവർക്കും വീട് നല്‍കിയോ? പത്തു വർഷത്തിനിടെ ലൈഫ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 5,91,368 പേരിൽ,​ 4,62,307 പേർക്കു മാത്രമാണ് വീടുകൾ നിർമ്മിച്ചു നല്‍കിയത്. ബാക്കിയുള്ളതിൽ 30,​000-ത്തോളം എസ്.സി കുടുംബങ്ങളും,​ 8000-ത്തോളം എസ്.ടി കുടുംബങ്ങളുമുണ്ട്. ഈ യാഥാർത്ഥ്യം നിലനിൽക്കെ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനത്തിൽ എന്തു സത്യസന്ധതയാണ് ഉള്ളത്?

തലേന്നാളത്തെ

തട്ടിപ്പുകൾ

തിരഞ്ഞെടുപ്പുകൾ അടുത്തതോടെയാണ് എൽ.ഡി.എഫും പിണറായി വിജയനും വീണ്ടും ജനങ്ങളെ കബളിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷൻ ഘട്ടംഘട്ടമായി 2500 രൂപയാക്കും എന്നായിരുന്നു 2021-ലെ എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനം. നാലര വർഷത്തിനിടെ അതിൽ ഒരുരൂപ പോലും കൂട്ടാതെയാണ്,​ തിരഞ്ഞെടുപ്പിന്റെ തലേ ആഴ്ചയിൽ 2000 രൂപയാക്കിയെന്ന് മേനി നടിക്കുന്നത്. വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്നതും തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇപ്പോൾ അതും ഭാഗികമായി പ്രഖ്യാപിച്ചത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ കനത്ത തോൽവി മുന്നിൽക്കണ്ടു മാത്രമാണ്.

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലും ഡി.എ, ഡി.ആർ കുടിശികളിലും സർക്കാരിന് മിണ്ടാട്ടമില്ല. ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയമിക്കുന്നതിലും നടപടിയില്ല. ഒരുലക്ഷം കോടിയിലേറെ രൂപയാണ് വിവിധ ആനുകൂല്യങ്ങളായി ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും നൽകാനുള്ളത്. പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശിക ഏപ്രിൽ ഒന്നിനു ശേഷം 2026-ൽ നൽകുമെന്നാണ് പറഞ്ഞത്. അതായത്,​ ഈ സർക്കാർ പോയ ശേഷമേ അതും നൽകൂ! പ്രഖ്യാപിച്ച മറ്റ് ആനുകൂല്യങ്ങളും ഇത്തരം കണ്ണിൽ പെടിയിടൽ തന്ത്രങ്ങൾ തന്നെ.

കേരളത്തിൽ അതിദരിദ്രർ ഇല്ലെന്നു പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിൽ ക്യാപ്സ്യൂൾ ഇറക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിദാരിദ്ര്യം അവസാനിച്ചെന്ന പ്രഖ്യാപനത്തോടെ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന പല പദ്ധതികളിൽ നിന്നും കേരളം പുറത്താകും. കേന്ദ്രത്തിനു മുന്നിൽ സംസ്ഥാനത്ത് അതിദരിദ്രർ ഇല്ലാത്ത സ്ഥിതിയാകുമോ? തിരഞ്ഞെടുപ്പിനു മുമ്പ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിഡ്ഢികളാക്കാനുമായി നടത്തുന്ന പി.ആർ പ്രചാരണമാണ് സർക്കാർ നടത്തുന്നത്. ഇതിന്റെയെല്ലാം പൊള്ളത്തരം യു.ഡി.എഫ് ജനങ്ങളെ ബോദ്ധ്യപ്പെടുത്തും.