us

വാഷിംഗ്ടൺ: തുണിക്കടയിൽ മോഷണം നടത്തിയ ഇന്ത്യൻ യുവതിയെ യുഎസ് പൊലീസ് പിടികൂടി. പുരുഷൻമാരുടെ വസ്ത്രങ്ങൾ ഉൾപ്പെടെയാണ് യുവതി മോഷ്ടിച്ചത്. തുടർന്ന് പണം നൽകാതെ യുവതി കടന്നുകളയുകയായിരുന്നു.

യുവതി കരയുകയും പൊലീസ് ഉദ്യോഗസ്ഥരോട് ക്ഷമാപണം നടത്തുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സാധനങ്ങൾക്ക് പണം നൽകാൻ മറന്നു പോയതാണെന്നാണ് വീഡിയോയിൽ യുവതി പറയുന്നത്. ഒരു അവസരം കൂടി നൽകണം, അറസ്റ്റ് ചെയ്യരുത് എന്നുമാണ് യുവതിയുടെ അഭ്യർത്ഥന. പിന്നീട് ഇന്ത്യയിലുള്ള സഹോദരന് വേണ്ടിയാണ് വസ്ത്രങ്ങൾ മോഷ്ടിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. മെയ്ഡ് ഇൻ യുഎസ്എ ഉത്പന്നങ്ങളോടുള്ള താത്പര്യമാണ് മോഷണത്തിനുള്ള കാരണം. എന്നാൽ അത് വാങ്ങിക്കാനുള്ള പണം കൈയ്യിലില്ലാത്തതു കൊണ്ടാണ് മോഷണം നടത്തിയതെന്നും യുവതി പറഞ്ഞു.

എന്നാൽ യുവതിയുടെ പേര്, കടയുടെ വിശദാംശങ്ങൾ, മോഷ്ടിച്ച വസ്തുക്കളുടെ മൂല്യം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. വീഡിയോയ്ക്ക് താഴെ നിരവധിപേർ കമെന്റുകളുമായി എത്തിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നുവെന്നാണ് അവർ പറയുന്നത്. ഏകദേശം 1.1 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചതിന് മറ്റൊരു ഇന്ത്യൻ സ്ത്രീയെയും യുഎസിൽ പിടികൂടിയിരുന്നു.