fish

വെജിറ്റേറിയനും നോൺ വെജിറ്റേറിയനും ആയിട്ടുള്ളവർ നിരവധിയാണ്. ഒരു ഹോട്ടലിൽ പോയാൽ ഈ രണ്ട് ഓപ്‌ഷനും അവിടെ കാണാം. എന്നാൽ ലോകത്ത് തന്നെ മാംസാഹാരം നിരോധിച്ച ഒരു സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?​ വേറെ എവിടെയുമല്ല,​ ഇന്ത്യയിൽ തന്നെയാണ് ഈ നഗരം ഉള്ളത്. ഇവിടെ മാംസം, മത്സ്യം, മുട്ട എന്നിവ വിൽക്കുന്നതോ കഴിക്കുന്നതോ പൂർണമായും നിരോധിച്ചിരിക്കുകയാണ്. അവരുടെ വിശ്വാസമാണ് അതിന് കാരണം.

ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിൽ ഒരു നഗരമായ പാലിറ്റാനയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മാംസാഹാരം ഔദ്യോഗികമായി നിരോധിച്ച ലോകത്തിലെ ആദ്യത്തെ നഗരമായാണ് ഇത് അറിയപ്പെടുന്നത്. ക്ഷേത്രങ്ങളുടെ നഗരം എന്നും ഇതിനെ അറിയപ്പെടാറുണ്ട്. 900 വർഷങ്ങൾക്ക് മുൻപ് പണിത ജെെന ക്ഷേത്രങ്ങളാണ് ഇവിടെ കൂടുതൽ അതിനാൽ ഈ നഗരത്തെ ഏറ്റവും പുണ്യമായ ജെെന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായി കണക്കാക്കുന്നു.

palitana-

നഗരത്തിൽ മൃഗങ്ങളെ കൊല്ലുന്നതും മാംസം വിൽക്കുന്നതും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 200 ഓളം ജെെന സന്യാസിമാർ 2014ൽ ഇവിടെ നിരാഹാരസമരം നടത്തി. തുടർന്നാണ് മാംസാഹാരത്തിന് ഇവിടെ നിരോധനം ഏർപ്പെടുത്തിയത്. സന്യാസിമാരുടെ സമരം ശ്രദ്ധയിൽപ്പെട്ട സർക്കാരാണ് നിരോധനം ഏർപ്പെടുത്തിയത്. മാംസം മാത്രമല്ല ഉള്ളി, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളും ഇവിടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താറില്ല. ഇവിടെ പല ജെെനമതക്കാരും പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കാറില്ലെന്നും റിപ്പോർട്ടുണ്ട്. ഇവിടെ എത്തുന്നവർക്ക് ഗുജറാത്തി വെജിറ്റേറിയൻ വിഭവങ്ങളായ ധോക്‌ല, ഖണ്ഡ്‌വി, കാധി, ഗതിയ, ദാൽ ധോക്ലി എന്നിവയാണ് നൽകുന്നത്.