
മുംബയ് : വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 299 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യൻ വനിതകൾ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ വനിതകൾ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടി. 87 റൺസ് നേടിയ ഷഫാലി വർമ്മായണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. സ്മൃതി മന്ദാന (47), ദീപ്തി ശർമ്മ ( 58) എന്നിവരുടെ ബാറ്റിംഗും ഇന്ത്യക്ക് മികച്ച സ്കോർ നേടാൻ കരുത്ത് പകർന്നു. നവി മുംബയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുന്നത്. ഇന്ന് മൂന്നുമണിയോടെ തുടങ്ങേണ്ടിയിരുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരം മഴ കാരണം രണ്ട് മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി ഇന്ത്യക്കായി ഷഫാലി വർമ്മയും സ്മൃതി മന്ദാനയും ശ്രദ്ധയോടെയാണ് തുടങ്ങിയത്. പതിയെ സ്കോർ ഉയർത്തിയ ഇരുവരും ചേർന്ന് ആദ്യ ആറോവറിൽ 45 റൺസാണ് നേടിയത്. പിന്നീട് സ്കോറിംഗിന് വേഗം കൂട്ടിയ ഷഫാലി ഇന്ത്യൻ സ്കോർ 17 ഓവറിൽ 97 റൺസ് എന്ന നിലയിലെത്തിച്ചു. 19ാം ഓവറിൽ ഇന്ത്യൻ സ്കോർ നൂറു കടന്നതിന് പിന്നാലെ സ്മൃതി മന്ദാന പുറത്തായി. 58 പന്തിൽ നിന്ന് 45 റൺസുമായാണ് മന്ദാന മടങ്ങിയത്. തുടർന്നിറങ്ങിയ ജമീമയുമായി ചേർന്ന് ഷഫാലി സ്കോർ 150 കടത്തി. സ്കോർ 166ൽ നിൽക്കെ ഷഫാലി പുറത്തായി. 78 പന്തിൽ നിന്ന് 87 റൺസാണ് ഷഫാലി നേടിയത്. പിന്നാലെ 24 റൺസെടുത്ത് ജെമീമയും പുറത്തായി. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ദീപ്തി ശർമ്മയും (58) റിച്ച ഘോഷും (34) ചേർന്നാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഫൈനലിനിറങ്ങുന്നത്. 2005, 2017 വർഷങ്ങളിൽ ലോകകപ്പ് ഫൈനൽ വരെയെത്തി ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതേസമയം ദക്ഷിണാഫ്രിക്കയുടെ കന്നി ഫൈനലാണിത്. ഇതിനുമുമ്പ് ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലാൻഡ് എന്നീ ടീമുകൾ മാത്രമാണ് വനിതാ ഏകദിന ലോകകപ്പിൽ മുത്തമിട്ടിട്ടുള്ളത്.