priyanka-chopra

എവിടേയ്‌ക്കെങ്കിലും പോകാനായി തയ്യാറായിക്കഴിഞ്ഞാൽ ഒരു അവസാന സ്‌പർശം പോലെയാണ് പലരും പെർഫ്യൂമുകൾ ഉപയോഗിക്കുന്നത്. എന്നാൽ, അത് ഒട്ടും നല്ലതല്ലെന്നാണ് ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര പറയുന്നത്. ആരാധകർക്കേറെ ഇഷ്‌ടപ്പെട്ട താരമാണ് പ്രിയങ്കാ ചോപ്ര. പലപ്പോഴും കൃത്യമായ കാഴ്ചപ്പാടുകൾ സമൂഹത്തിലേക്ക് പങ്ക് വയ്‌ക്കാറുള്ള താരം തന്റെ ഫാഷനിലും വ്യക്തമായ നിലപാട് പിൻതുടരുന്നു. ഏത് വേദിയിലാണങ്കിലും ഫാഷനിൽ വേറിട്ടു നിൽക്കാനും അതിനെ വളരെ തന്ത്രപരമായി അവതരിപ്പിയ്‌ക്കാനും പ്രിയങ്കയ്‌ക്ക് കഴിയും. അങ്ങനെയുള്ള താരം ഒരു സൗന്ദര്യ രഹസ്യം ലോകത്തോട് പങ്കുവച്ചാൽ അത് വെറുതെയാകില്ല.

ആഭരണങ്ങൾ ധരിച്ചതിനുശേഷം ഒരിക്കലും പെർഫ്യൂം ഉപയോഗിക്കരുതെന്നാണ് പ്രിയങ്ക മുന്നോട്ട് വയ്‌ക്കുന്ന സൗന്ദര്യ നിയമം. പെർഫ്യൂം, ഹെയർസ്പ്രേ എന്നിവയെല്ലാം ഉപയോഗിച്ചതിന് ശേഷം മാത്രമേ ആഭരണങ്ങൾ ധരിക്കാറുള്ളു എന്നാണ് താരം പറയുന്നത്. പെർഫ്യൂമുകളിലും ഹെയർ സ്പ്രേകളിലും ആൽക്കഹോൾ, എണ്ണകൾ, രാസ സംയുക്തങ്ങൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു, അവ ലോഹങ്ങളുമായി പ്രതിപ്രവർത്തിച്ച് രത്നക്കല്ലുകളുടെയും മറ്റും നിറം മങ്ങാൻ കാരണമാകുന്നു.

പ്രത്യേകിച്ച് സ്വർണ്ണം, പ്ലാറ്റിനം, വജ്രങ്ങൾ അല്ലെങ്കിൽ മുത്തുകൾ തയ്യാറാക്കിയിരിക്കുന്ന ആഭരണങ്ങളുടെ ഭംഗി നഷ്ടമാകാൻ ഇത് കാരണമാകാം. അതിനാൽ പ്രിയങ്കാ ചോപ്ര മുന്നോട്ട് വയ്‌ക്കുന്ന ഈ ഫാഷൻ നിയമം ആഭരണങ്ങളുടെ ഭംഗി നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുന്നു.

നമ്മുടെ ഫാഷൻ ശ്രദ്ധിക്കപ്പെടണമെങ്കിൽ വസ്‌ത്രധാരണത്തിൽ മാത്രമല്ല, അവയോടൊപ്പം നമ്മൾ ധരിക്കുന്ന മറ്റ് കാര്യങ്ങളിലും ശ്രദ്ധിക്കണം. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ആഭരണങ്ങൾ. തുടർച്ചയായി ഒരേ ആഭരണം ധരിക്കുമ്പോൾ അവ എപ്പോഴും പുതിയതു പോലെ തോന്നിക്കാൻ സഹായിക്കുന്നതാണ് പ്രിയങ്കാ ചോപ്രയുടെ ആശയം.