
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഉടൻ വരാനിരിക്കെ, പടക്കോപ്പുകൾ ഒരുക്കി അങ്കത്തിന് തയാറായി മൂന്ന് മുന്നണികളും. മുൻ എം.എൽ.എ കെ.എസ്. ശബരിനാഥിനെ തിരുവനന്തപുരം കോർപ്പറേഷനിൽ പട നായകനാക്കി കോൺഗ്രസ് ഒരു ചുവട് മുമ്പ് കളത്തിലിറങ്ങി. കവടിയാർ വാർഡിലാണ് ശബരിനാഥൻ മത്സരിക്കുക.
ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിലേതിന് സമാനമായ വീറും വാശിയുമുള്ള തദ്ദേശ തിരഞ്ഞടുപ്പ് പോരിനാവും കേരളം സാക്ഷിയാവുക. മുൻ മന്ത്രിമാരും മുൻ എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെ അമരക്കാരാവുന്നതോടെ, മത്സരം തീ പാറും.
തിരുവനന്തപുരം കോർപ്പറേഷനിൽ 2015 ലെയും, 2020ലെയും തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് മൂന്നാം സ്ഥാനമാണ് നേടിയത്. കോൺഗ്രസ് നേതാക്കൾക്കിടയിലെ കുതികാൽ വെട്ടും, സ്ഥാനാർത്ഥി നിർണയത്തിൽ പിന്നാക്കക്കാരെ പാടെ തഴഞ്ഞതുമൊക്കെ അതിന് കാരണമായി. 100 അംഗ കോർപ്പറേഷനിൽ നിലവിൽ കോൺഗ്രസ് അംഗങ്ങൾ എട്ട്. ലീഗിന് രണ്ട്. ഈ നാണക്കേടിൽ നിന്ന് കര കയറാൻ മാത്രമല്ല,ഭരണം പിടിക്കാനുമുള്ള ജീവന്മരണ പോരാട്ടത്തിലാണ് കോൺഗ്രസ്.ആ പോരാട്ടത്തിന്റെ തേരാളിയായി മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.മുരളീധരനെ രംഗത്തിറക്കിയിട്ട് മാസങ്ങളായി.
എ.സമ്പത്തിനെ ഇറക്കാൻ എൽ.ഡി.എഫ്
കോർപ്പറേഷനിലെ തുടർ ഭരണം എങ്ങനെയും നില നിറുത്തുമെന്ന വാശിയിലാണ് സി.പി.എമ്മും എൽ.ഡി.എഫും. മുൻ എം.പി എ. സമ്പത്തിനെ മേയർ സ്ഥാനാർത്ഥിയാക്കി അങ്കം കൊഴുപ്പിക്കാനാണ് സി.പി.എമ്മിലെ അണിയറ നീക്കം. പാർട്ടിയിലെയും എൽ.ഡി.എഫിലെയും മറ്റ് ചിലരെയും രംഗത്തിറക്കാനാണ് ആലോചന. തലസ്ഥാന നഗരസഭയിൽ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും അമ്പരപ്പിക്കുന്ന മുന്നേറ്റം കുറിച്ച ബി.ജെ.പി നേടിയത് നൂറിൽ 35 സീറ്റ്. ഒരു പടി കൂടി കടന്നാൽ ഭരണം പിടിക്കാവുന്ന സ്ഥിതി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനെ മേയർ സ്ഥാനാർത്ഥിയാക്കുന്ന കാര്യം പരിഗണനയിൽ.