
മുംബയ് : ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ വനിതകൾ. fഇന്ന് നടന്ന കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കന്നികിരീടം സ്വന്തമാക്കിയത്. . മുംബയ് ഡി.വൈ പട്ടേൽ സ്റ്റേഡിയത്തിൽ മഴകാരണം വൈകിയ ഫൈനൽ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ആൾ ഔട്ടായി.
ഷഫാലി വെർമ്മയുടെയും ദീപ്തി ശർമ്മയുടെയും ആൾറൗണ്ടർ പ്രകടനം ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങി 87 റൺസടിച്ച ഷഫാലി, രണ്ട് നിർണായക വിക്കറ്റുകളും പിഴുതു. 58 റൺസും അഞ്ചുവിക്കറ്റുകളുമാണ് ദീപ്തി നേടിയത്. ഷഫാലിയാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. അർദ്ധസെഞ്ച്വറി നേടിയ മദ്ധ്യനിര ബാറ്റർ ദീപ്തി ശർമ്മയും (58), 45 റൺസ് നേടിയ ഓപ്പണർ സ്മൃതി മാന്ഥനയും 34 റൺസടിച്ച റിച്ച ഘോഷും ഇന്ത്യയെ മികച്ച സ്കോറിലെത്താൻ സഹായിച്ചു. സെമിയിലെ ഐതിഹാസിക സെഞ്ച്വറിയിലൂടെ ഇന്ത്യയെ ഫൈനലിലെത്തിച്ച ജമീമ റോഡ്രിഗസിന് 24 റൺസേ നേടാനായുള്ളൂ. സെമിയിൽ അർദ്ധസെഞ്ച്വറി നേടിയിരുന്ന നായിക ഹർമൻപ്രീത് കൗർ 20 റൺസിന് പുറത്തായി.
മഴകാരണം ഒന്നരമണിക്കൂറോളം വൈകിത്തുടങ്ങിയ മത്സരത്തിൽ, 17.4 ഓവറിൽ 104 റൺസ് കൂട്ടിച്ചേർത്ത സ്മൃതി- ഷെഫാലി ഓപ്പണിംഗാണ് ഇന്ത്യയ്ക്ക് അടിത്തറയൊരുക്കിയത്. 28-ാം ഓവർവരെ ക്രീസിൽ നിന്ന ഷെഫാലി 78 പന്തിൽ ഏഴുഫോറും രണ്ട് സിക്സുമടക്കം 87 റൺസടിച്ചു.