kerala-

കാസർകോട്: വടക്കൻ കേരളത്തിൽ 5000 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന ബോക്സൈറ്റ് ഖനനത്തിന് കേന്ദ്ര സംഘത്തിന്റെ പച്ചക്കൊടി. കാസർകോട് ജില്ലയിലെ ബദിയടുക്ക, എൻമകജെ, കാറഡുക്ക വില്ലേജുകളിൽ പഠനം നടത്തിയ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. പാറപ്രദേശങ്ങളിലെ 150 ഹെക്ടർ സ്ഥലത്താണ് ഖനനം.

ഖനനത്തിന് വൻകിട കമ്പനികളെ കാസർകോട്ടെത്തിക്കാൻ ദേശീയതലത്തിൽ ലേലം വിളിക്കുന്നതിന് എസ്.ബി.ഐയെ ചുമതലപ്പെടുത്തി. ലേല നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതതല സമിതിക്ക് രൂപം നൽകും.അലുമിനിയം, സിമന്റ് നിർമ്മാണം തുടങ്ങിയ വ്യവസായങ്ങൾക്ക് അത്യാവശ്യമാണ് ബോക്സൈറ്റ്. വിശദമായ മാപ്പിംഗും സാമ്പിളുകളും ശേഖരിച്ച് ലാഭകരമായ മേഖലകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ബോക്സൈറ്റ് ഖനനം കാസർകോടിന്റെ . വ്യാവസായിക വളർച്ചക്ക് കാരണമാകും. അലുമിനിയത്തിന്റെ അയിരാണ് ബോക്സൈറ്റ്. രാജ്യത്ത് ഒഡീഷ, ഛത്തീസ്ഗഢ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ബോക്സൈറ്റ് നിക്ഷേപങ്ങളിൽ ഭൂരിഭാഗവും

സമൃദ്ധമായ

നിക്ഷേപം

സർവ്വെ നടത്തിയ വില്ലേജുകളിൽ സമൃദ്ധമായ ധാതു നിക്ഷേപമുണ്ട്. നാല് മീറ്റർ താഴ്ചയിൽ വെട്ടുകല്ല് മാതൃകയിൽ കുഴിച്ചെടുത്താൽ രണ്ടു കോടി ടൺ കല്ല് ലഭിക്കും. ഇതിൽ 44.4 ശതമാനം അലുമിനിയം ഓക്സൈഡുണ്ട്. സിലിക്കൺ 5.17, ഫെറിക് ഓക്സൈഡ് 22.6, ടൈറ്റാനിയം ഡൈ ഓക്സൈഡ് 1.76 ശതമാനം . ഏറ്റവും വലിയ ഖനന കമ്പനിയായ വേദാന്ത ഗ്രൂപ്പ് ഒഡീഷയിൽ നിന്ന് കുഴിച്ചെടുക്കുന്ന മണ്ണിൽ 40 ശതമാനം അലുമിനിയമാണുള്ളത്. ബദിയടുക്കയിലെ ഉക്കിനടുക്കയിൽ അതിൽ കൂടുതലുണ്ടെന്നാണ് ജി.എസ്.ഐ പഠനം. മുള്ളേരിയയിൽ ഒന്നര ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ബോക്സൈറ്റ് ഖനന സാധ്യത കണ്ടെത്തി. കാറഡുക്കയിൽ 0.2113 ദശലക്ഷം ടൺ ഉയർന്ന ഗ്രേഡ് ബോക്സൈറ്റും 5.1417 ദശലക്ഷം ടൺ അലുമിനിയം ലാറ്ററൈറ്റും ഖനനം ചെയ്യാൻ കഴിയും.

സ്വകാര്യ ഭൂമിയും

ഏറ്റെടുക്കണം

മുള്ളേരിയയിലെ പ്രദേശം വനം വകുപ്പിന്റെ കാടകം റിസർവ് ഫോറസ്റ്റിന്റെ അതിർത്തിയാണ്. ഉക്കിനടുക്കയിലെ ഭൂമി സ്വകാര്യ വ്യക്തികളുടെയും സർക്കാരിന്റെയും പേരിലുള്ളതാണ്. സ്വകാര്യ ഭൂമിയിൽ 284 വീടുകളുണ്ട്. സ്ഥലം വിട്ടുനല്കുന്നവർക്ക് വലിയ പാട്ടത്തുക ലഭിക്കും. ഖനനത്തിനു ശേഷം നികത്തി തിരികെ നൽകും.