
ഒട്ടാവ: എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. അത്തരത്തിൽ എരിവുള്ള ഭക്ഷണം തേടിപ്പിടിച്ച് കഴിച്ച് ഗിന്നസ് ലോക റെക്കാഡ് സ്ഥാപിക്കുന്നതാണ് കാനഡക്കാരനായ മൈക്ക് ജാക്കിന്റെ ഹോബി. 14 മിനിറ്റും 37 സെക്കൻഡും കൊണ്ട് 50 ' ഗോസ്‌റ്റ് പെപ്പർ " (ഭൂത് ജൊലോകിയ) മുളക് കഴിച്ച് ഗിന്നസ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജാക്ക്. ഏറ്റവും വേഗത്തിൽ 50 ഗോസ്‌റ്റ് പെപ്പർ കഴിച്ച വ്യക്തിയെന്ന റെക്കാഡാണ് ലഭിച്ചത്.
ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ ഗോസ്‌റ്റ് പെപ്പർ കഴിച്ചതിന്റെ റെക്കാഡും ജാക്ക് നേടിയിരുന്നെങ്കിലും യു.എസിലെ കാലിഫോർണിയയിലെ സാൻഡിയാഗോ സ്വദേശിയായ ഗ്രിഗറി ഫോസ്റ്റർ അത് തകർത്തിരുന്നു. ഒരു മിനിറ്റിൽ 110.50 ഗ്രാം ഗോസ്‌റ്റ് പെപ്പറാണ് ( 17 എണ്ണം) ഗ്രിഗറി ഒറ്റയടിക്ക് അകത്താക്കിയത്. 2019ൽ 97 ഗ്രാം മുളകായിരുന്നു ജാക്ക് കഴിച്ചത്.
ഏകദേശം 10,00,000ത്തിലേറെ സ്കോവിൽ സ്കെയിൽ യൂണിറ്റ് എരിവോട് കൂടിയ മുളകാണ് ഗോസ്‌റ്റ് പെപ്പർ. സാധാരണ നല്ല എരിവോട് കൂടിയ പിരി പിരി മുളകിന് 50,000 -175,000 സ്കോവിൽ സ്കെയിൽ യൂണിറ്റ് എരിവാണുള്ളത്. ! ചുരുക്കത്തിൽ ആരും നാവിൽ വയ്ക്കാൻ പോലും ഭയപ്പെടുന്ന മുളകാണ് ഗോസ്‌റ്റ് പെപ്പർ.
ലോകത്തെ ഏറ്റവും വീര്യമേറിയ മുളക് ഇനങ്ങളിലൊന്നാണ് വടക്കുകിഴക്കൻ ഇന്ത്യയിൽ കൃഷി ചെയ്യുന്ന ഗോസ്‌റ്റ് പെപ്പർ. എരിവ് കൂടിയ മറ്റൊരു മുളക് ഇനമായ കാരലൈന റീപ്പറും ജാക്ക് മുമ്പ് പരീക്ഷിച്ചിരുന്നു. 36 മിനിറ്റ് കൊണ്ട് 100 കാരലൈന റീപ്പർ മുളക് കഴിച്ച് റെക്കാഡ് നേടി. വേഗത്തിൽ ഭക്ഷണം കഴിച്ചും എരിവുള്ള ഭക്ഷണം കഴിച്ചും മറ്റ് 18 ഗിന്നസ് റെക്കാഡുകളും ജാക്ക് സ്വന്തമാക്കിയിട്ടുണ്ട്.