
ഇസ്‌താംബുൾ: വിവാഹമോചനക്കേസുകളിൽ പങ്കാളികൾക്ക് ജീവനാംശമായി ഒരു തുക നൽകാൻ കോടതി വിധിക്കാറുണ്ട്. എന്നാൽ വളർത്തു മൃഗങ്ങളുടെ പരിപാലനത്തിനും ഒരു തുക നൽകേണ്ടി വന്നാലോ ! തുർക്കിയിലെ ഇസ്താംബുളിൽ അത്തരം ഒരു സംഭവമുണ്ടായിരിക്കുകയാണ്. ബുഗ്ര എന്നയാളാണ് വിവാഹ മോചനത്തിന് പിന്നാലെ ഭാര്യയ്ക്കുള്ള ജീവനാംശത്തിനൊപ്പം തങ്ങളുടെ രണ്ട് വളർത്തുപൂച്ചകൾക്കുള്ള ചെലവും നൽകാമെന്ന് സമ്മതിച്ചത്.
പത്ത് വർഷത്തേക്ക് ഓരോ മൂന്ന് മാസം കൂടുമ്പോഴും 10,000 ലിറ (21,000 രൂപ) ആണ് ബുഗ്ര പൂച്ചകളുടെ പരിപാലത്തിന് ഭാര്യ എസ്ഗിയ്ക്ക് നൽകാമെന്ന് സമ്മതമറിയിച്ചത്. പൂച്ചകൾക്കുള്ള ഭക്ഷണം, വാക്സിനേഷൻ തുടങ്ങിയ ചെലവുകൾക്ക് ഈ തുക ഉപയോഗിക്കാം. രണ്ട് വർഷത്തെ വിവാഹ ജീവിതത്തിനൊടുവിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. പൂച്ചകളെ എസ്ഗിയ്ക്ക് നൽകാൻ കോടതിയിൽ ധാരണയെത്തി. 5,50,000 ലിറയാണ് ( 13 ലക്ഷം രൂപ) ബുഗ്ര എസ്ഗിയ്ക്ക് ജീവനാംശമായി നൽകുക.
അതേ സമയം, തുർക്കിയിലെ നിയമങ്ങൾ വളർത്തുമൃഗങ്ങളെയും മനുഷ്യർക്ക് തുല്യമായി കണക്കാക്കുന്നതിനാലാണ് ഇത്തരം ഒരു വിധിയുണ്ടായത്. വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് 60,000 ലിറ (1.2 ലക്ഷം രൂപ) വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. വളർത്തുമൃഗങ്ങളെ കുടുംബത്തിലെ അംഗമായി കാണുന്നവർ ഏറെയാണ്. 2023ലെ കണക്കനുസരിച്ച് 2.09 കോടി വളർത്തുമൃഗങ്ങളാണ് തുർക്കിയിലുള്ളത്.