varkala-attack

തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്നും മദ്യപൻ തള്ളിയിട്ട് ഗുരുതര പരിക്കേറ്റ യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതി. യുവതിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. എന്നാൽ ആരോഗ്യനില പൂർണമായും ഭേദമായിട്ടില്ല എന്നാണ് വിവരം. തിരുവനന്തപുരം പേയാട് സ്വദേശിയായ ശ്രീക്കുട്ടി(19)യെ പ്രതി പനച്ചമൂട് സ്വദേശി സുരേഷ് കുമാറിന് യാതൊരു മുൻപരിചയവും ഇല്ലായിരുന്നു എന്നാണ് പൊലീസും റെയിൽവെ വൃത്തങ്ങളും നൽകുന്ന വിവരം.

കോട്ടയത്ത് നിന്നാണ് സുരേഷ്‌ കുമാർ കേരളാ എക്‌സ്‌പ്രസിൽ കയറിയത്. പരിക്കേറ്റ ശ്രീക്കുട്ടിയും സുഹൃത്തായ യുവതിയും കയറിയത് ആലുവയിൽ നിന്നാണ്. പെയിന്റ് തൊഴിലാളിയാണ് പ്രതി. ഇയാൾ ട്രെയിനിൽ വച്ച് മദ്യപിച്ചിട്ടില്ല എന്നാണ് വിവരം. എന്നാൽ മദ്യപിച്ച് ബോധമില്ലാതെ തന്നെയാണ് ട്രെയിനിൽ കയറിയത്. അന്നേരം മുതൽ ഇയാൾ അപമര്യാദയായി പെരുമാറിയിരുന്നെന്ന് ട്രെയിനിലെ യാത്രക്കാരിയായിരുന്ന അർച്ചന വ്യക്തമാക്കിയിരുന്നു.

ഇന്നലെ‌ രാത്രി 8.30ന്‌ വർക്കല സ്റ്റോപ്പിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോൾ ജനറൽ കമ്പാർട്ടുമെന്റിലുണ്ടായിരുന്ന ശ്രീക്കുട്ടിയും സുഹൃത്തായ യുവതിയും ടോയ്‌ലെറ്റിലേക്ക് പോയി.ശ്രീക്കുട്ടിയെ വാതിലിന് സമീപം നിറുത്തി യുവതി ടോയ്‌ലെറ്റിൽ കയറി. ഇവർ പുറത്തിറങ്ങിയപ്പോൾ യാതൊരു പ്രകോപനവുമില്ലാതെ പ്രതി ശ്രീക്കുട്ടിയെ മുതുകിൽ ചവിട്ടി തള്ളിയിടുകയായിരുന്നു.

ബഹളം വച്ച യുവതിയ്ക്ക്‌നേരെ തിരിഞ്ഞ പ്രതി, ഇവരെയും‌ കൈയിൽ കടന്നുപിടിച്ച് വലിച്ച് പുറത്തേക്ക് തള്ളാൻ ശ്രമിച്ചെങ്കിലും യുവതി കമ്പാർട്ട്‌മെന്റിലെ കമ്പിയിൽ പിടിച്ച് തൂങ്ങികിടന്നു. മറ്റു യാത്രക്കാർ എത്തിയപ്പോൾ പ്രതി ഓടിരക്ഷപ്പെട്ടു. യാത്രക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. വാതിലിന് സമീപം ശ്രീക്കുട്ടി നിന്നത് ഇഷ്‌ടപ്പെടാത്തതാകാം ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. വാതിലിൽ നിന്നും മാറാത്തതിനാൽ പിന്നിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് സുരേഷ് കുമാർ പറഞ്ഞത്.

ആക്രമണ കാരണമറിയാൻ കൂടുതൽ മൊഴികൾ പൊലീസ് രേഖപ്പെടുത്തും. പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. ഇയാൾ മുൻപും സമാനമായ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. യാത്രക്കാർ തന്നെ പ്രതിയെ കീഴ്‌പ്പെടുത്തി കൊച്ചുവേളിയിൽ ട്രെയിൻ എത്തിയപ്പോൾ റെയിൽ‌വേ‌ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു എന്നാണ് വിവരം.

സംഭവമറിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തിൽ അയന്തി പാലത്തിന് സമീപം കുറ്റിക്കാട്ടിൽ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഈ സമയം കൊല്ലം ഭാഗത്തേക്ക് പോയ മെമുവിൽ കയറ്റി വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചു. താനല്ല ഒരു ബംഗാളിയാണ് കുറ്റം ചെയ്തതെന്നായിരുന്നു പ്രതി സുരേഷ് കുമാർ ആദ്യം പറഞ്ഞത്.