shafali-verma

മുംബയ്: ബംഗ്ളാദേശുമായുള്ള മത്സരത്തിൽ ഫീൽഡിംഗിൽ പ്രതിക റാവലിന് പരിക്കേറ്റപ്പോഴാണ് ലോകകപ്പിലേക്ക് ഷഫാലി വെർമ്മ എത്തിയത്. വൈകിയാണെങ്കിലും ആ വരവിൽ താരം നടത്തിയത് അത്യുഗ്രൻ പ്രകടനം. സെമിയിൽ ഓസ്‌ട്രേലിയക്കെതിരെ അഞ്ച് പന്തിൽ 10 റൺസ് നേടി താരം പുറത്തായി. എന്നാൽ ഫൈനലിൽ കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയെ തകർത്തെറിയുന്ന കാഴ്‌ചയാണ് കണ്ടത്.

ബാറ്റിംഗിൽ 78 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്‌സറും പറത്തി 87 റൺസ് നേടിയാണ് താരം പുറത്തായത്. ടീമിന്റെ ടോപ് സ്‌കോററായി 21കാരിയായ ഷഫാലി. എന്നാൽ അവിടെയും തീർന്നില്ല. ബൗളിംഗിൽ സുനീ ലൂസ്, അപകടകാരിയായ മാരിസൺ കാപ്പ് എന്നിവരുടെ വിക്കറ്റുകളും വീഴ്‌‌ത്തി ഓൾറൗണ്ട് പ്രകടനം തന്നെ കാഴ്‌ചവച്ചു. മറ്റൊരു ഓൾറൗണ്ടറായ ദീപ്‌തി ശർമ്മയും ഇന്നലെ തക‌‌ർപ്പൻ ഫോം പുറത്തെടുത്തു. സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കൻ നായിക ലോറ വോൾവാർത്ത് (101) അടക്കം അഞ്ചുപേരുടെ വിക്കറ്റ് ദീപ്‌തി നേടി. ബാറ്റിംഗിൽ 58 റൺസും നേടി.

മുൻപ് അണ്ടർ19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചിട്ടുള്ള ഷഫാലി വെർമ്മ രണ്ട് മത്സരം മാത്രം കളിച്ച് ലോകകപ്പ് ഫൈനലിൽ താരമാകുന്ന അപൂർവതയും സ്വന്തമാക്കി. സെമിയിൽ കളിക്കും മുൻപ് ദൈവം എന്നെ ഇവിടെ അയച്ചത് എന്തെങ്കിലും നല്ലത് ചെയ്യാനാകും എന്ന് മാദ്ധ്യമങ്ങളോട് ഷഫാലി പറഞ്ഞിരുന്നു. അക്കാര്യം അതുപോലെ തന്നെ സംഭവിക്കുന്നതാണ് ഫൈനലിൽ കണ്ടത്.