
ഒന്നോ രണ്ടോ തവണ ധരിച്ച വസ്ത്രങ്ങൾ റിപ്പീറ്റ് ചെയ്യാൻ ഇഷ്ടപ്പെടാത്തവരാണ് പലരും. കുറച്ച് നാൾ ഉപയോഗിച്ച വസ്ത്രങ്ങൾ മിക്കവരും ഉപേക്ഷിക്കുകയോ മറ്റുള്ളവർക്ക് കൊടുക്കുകയോ ആവും ചെയ്യുന്നത്. വസ്ത്രങ്ങൾ വീണ്ടും ധരിക്കാൻ ഇഷ്ടപ്പെടാത്തവരിൽ ഏറെയും ചെറുപ്പക്കാരാണ്. എന്നാൽ ഇത്തരക്കാർക്കിടയിൽ വ്യത്യസ്തയാവുകയാണ് ഒരു 26കാരി. മലപ്പുറം വളാഞ്ചേരി സ്വദേശിനിയായ ഗയ്യ എസ് എച്ച് അപ്‌സൈക്കിൾ ഡ്രസ് മേക്കിംഗിൽ പുതിയ വിപ്ളവം സൃഷ്ടിക്കുകയാണ്.
പഴയ ഉത്‌പന്നങ്ങൾ പുതിയ രൂപത്തിലും ഡിസൈനിലുമൊക്കെയാക്കി മാറ്റുന്ന രീതിയാണ് അപ്‌സൈക്ളിംഗ്. ഇതിലൂടെ വസ്ത്രങ്ങൾ അമിതമായി പാഴാകുന്നതും ഉപേക്ഷിക്കപ്പെടുന്നതും അവശ്യക്കാർക്ക് ലഭ്യമല്ലാതെ വരുന്നതും പ്രകൃതിക്ക് ദോഷമായി ഭവിക്കുന്നതും ഒഴിവാക്കാൻ സാധിക്കും. മാത്രമല്ല ഇടയ്ക്കിടെ പുതിയ വസ്ത്രങ്ങൾ വാങ്ങി കാശും പോകില്ല. ഉപേക്ഷിക്കപ്പെട്ട റെയിൻകോട്ട്, ലുങ്കി തുടങ്ങി എത്ര പഴയ സാധനങ്ങളും ഗയ്യ പുതിയ രൂപത്തിലാക്കി മാറ്റി ഞെട്ടിക്കും. ഗയ്യ ഫാഷൻ എന്ന പേരിൽ ഉപഭോക്താവിന്റെ ഇഷ്ടാനുസരണം അപ്‌സൈക്ളിംഗ് ചെയ്ത വസ്ത്രങ്ങൾ വിൽക്കുകയും ചെയ്യുന്നു.

തന്റെ എല്ലാ വസ്ത്രങ്ങളും ഏറെ പ്രിയപ്പെട്ടതാണെന്നും അവ ഉപേക്ഷിക്കാൻ മനസ് വരാത്തതിനാലാണ് അപ്‌സൈക്ളിംഗ് എന്ന ആശയത്തിലേയ്ക്ക് എത്തിയതെന്നും ഗയ്യ പറഞ്ഞു. ആദ്യം സ്വന്തമായി വസ്ത്രങ്ങൾ നിർമിച്ചു. പലരും മികച്ച അഭിപ്രായങ്ങൾ നൽകിയതോടെ മറ്റുള്ളവർക്ക് തയ്യാറാക്കി നൽകിത്തുടങ്ങി. ഇപ്പോൾ തന്റെ അപ്‌സൈക്ലിംഗ് വസ്ത്രങ്ങൾക്ക് ഡിമാൻഡ് ഏറിവരികയാണെന്നും ഗയ്യ പങ്കുവച്ചു.

കുട്ടിക്കാലം മുതൽ തന്നെ കലയും ക്രാഫ്റ്റും ഗയ്യ ഇഷ്ടപ്പെട്ടിരുന്നു. ചെറുപ്പത്തിൽ തന്നെ പഴയ ഉത്‌പന്നങ്ങളിൽ നിന്ന് പുതിയവ നിർമിക്കാൻ ആരംഭിച്ചു. തയ്യൽ അറിയില്ലായിരുന്നുവെങ്കിലും സ്വന്തമായി പരീക്ഷിക്കാൻ ആരംഭിച്ചു. ഇത് വിജയം കണ്ടതോടെ ഫാഷൻ ഡിസൈനിംഗ് തന്നെ തിരഞ്ഞെടുക്കാൻ ഗയ്യ തീരുമാനിച്ചു. പ്ളസ് ടു കഴിഞ്ഞപ്പോൾ തന്നെ ഫാഷൻ ഡിസൈനിംഗ് പഠിക്കാൻ ആഗ്രഹിച്ചെങ്കിലും വീട്ടുകാർ എതിർത്തു. തുടർന്ന് അവരുടെ ഇഷ്ടപ്രകാരം ബികോം പൂർത്തിയാക്കി. ബിരുദ പഠനത്തിനിടെയിലും പാഷൻ പിന്തുടർന്ന് വസ്ത്രങ്ങൾ തയ്യാറാക്കി. സ്വന്തമായാണ് തയ്യൽ പഠിച്ചത്. യൂട്യൂബിന്റെയും സഹായം തേടി. വിജയിച്ചതോടെ ഉത്‌പന്നങ്ങൾ ചെറിയ രീതിയിൽ വിൽക്കാനും ആരംഭിച്ചു.

ബിരുദത്തിനുശേഷം ഫാഷൻ ഡിസൈനിംഗ് ആന്റ് ഗാർമെന്റ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. തന്റെ വർക്കുകൾ വീഡിയോ ആയി ചെയ്യാൻ ആഗ്രഹിച്ചെങ്കിലും അതിന് പറ്റിയ ഫോൺ കൈവശം ഉണ്ടായിരുന്നില്ല. ഫോൺ വാങ്ങണമെന്ന ആഗ്രഹത്തോടെ ഒരു ജോലി നേടി. സ്വന്തമായി തയ്യൽ മെഷീനും ഇല്ലായിരുന്നു. ആഗ്രഹിച്ചവ സ്വന്തമാക്കാൻ സാധിച്ചെങ്കിലും ജോലിയും പാഷനും ഒരുപോലെ കൊണ്ടുപോകാൻ ഗയ്യയ്ക്ക് കഴിഞ്ഞില്ല. അതിനാൽ ജോലി ഉപേക്ഷിച്ച് ഫാഷൻ ഡിസൈനിംഗ് തുടർന്നു.
പുതിയ തുണിത്തരങ്ങളിൽ വസ്ത്രങ്ങൾ നിർമിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നതെങ്കിലും വിലക്കൂടുതൽ ആയതിനാൽ മറ്റെന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന് ചിന്തിച്ചു. അങ്ങനെയാണ് അപ്‌സൈക്ളിംഗ് എന്ന ആശയത്തിൽ എത്തുന്നത്. തുടർന്ന് ഗയ്യ ഫാഷൻ എന്ന സ്ഥാപനവും ആരംഭിച്ചു. ഓൺലൈനിലൂടെയാണ് വിൽപന. കൂടാതെ കോഴിക്കോട് മീരാ മാക്‌സ് ഫാഷൻ അക്കാദമിയിലെ അദ്ധ്യാപിക കൂടിയാണ് ഗയ്യ. തന്റെ പാഷന് പിന്തുണയുമായി അമ്മയും സഹോദരിമാരും ആന്റിയും ഒപ്പമുണ്ടെന്ന് ഗയ്യ പറഞ്ഞു.