
ടോക്കിയോ: വേറിട്ട ജീവിതരീതികൊണ്ട് ഇന്ത്യക്കാരുൾപ്പെടെയുളളവരുടെ മനസിൽ ഇടംനേടിയ രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. ഇവിടത്തെ വൃത്തിയുളള നഗരങ്ങളും മനുഷ്യരുടെ മാന്യമായ പെരുമാറ്റവും ശാന്തമായ അന്തരീക്ഷവും പ്രത്യേകതകളിൽ ചിലതുമാത്രമാണ്. ജപ്പാനിലെത്തുന്ന പല വ്‌ളോഗർമാരും വീഡിയോകൾ പോസ്റ്റ് ചെയ്യുമ്പോഴാണ് പല കാര്യങ്ങളും നാം മനസിലാക്കുന്നത്. അടുത്തിടെ അത്തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ജപ്പാനിലെ ജീവിതം രസകരമാകുന്നതിൽ മൂന്ന് കാരണങ്ങളുണ്ടെന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
1. കുട്ടികൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടുകളുണ്ട്
ജപ്പാനിലെ ജീവിതം അതിമനോഹരമാകുന്നതിന് പിന്നിലുളള ആദ്യത്തെ കാരണം ഇതുതന്നെയാണ്. ഇവിടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും സേവിംഗ്സ് അക്കൗണ്ടുകളുണ്ട്. ഈ അക്കൗണ്ടുകളുടെ രക്ഷാധികാരിയായി മാതാപിതാക്കളുടെ ആവശ്യമില്ല. ജപ്പാനിലെ കുട്ടികളെ ചെറുപ്പത്തിലെ എങ്ങനെ സാമ്പത്തികസ്ഥിരതയുളള വ്യക്തികളായി വളർത്തിയെടുക്കാമെന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തുവരുന്നത്. അവർ നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് പലിശയും ലഭിക്കും.
2. സുരക്ഷിതത്വം
ജപ്പാനിലുളളവർക്ക് തങ്ങളുടെ മക്കളെ സുരക്ഷിതമായി സ്‌കൂളിലേക്ക് ഒറ്റയ്ക്ക് അയക്കാൻ സാധിക്കുന്ന അവസ്ഥയാണുളളത്. മറ്റിടങ്ങളിൽ രക്ഷിതാക്കൾക്ക് അവരുടെ മക്കളെ ഒറ്റയ്ക്ക് പലയിടങ്ങളും അയക്കാൻ ഭയമാണ്. എന്നാൽ ജപ്പാൻ ഇക്കാര്യത്തിൽ സുരക്ഷിതമാണ്. ഇവിടെ മോഷണത്തിന്റെ നിരക്കും വളരെ കുറവാണ്. നിങ്ങളുടെ വിലപിടിപ്പുളള ഫോണും പേഴ്സും പൊതുയിടങ്ങളിൽ എവിടെ വേണമെങ്കിലും വച്ചിട്ടുപോകാം.
3. വന്യമൃഗങ്ങൾ വരെ ബഹുമാനം കാണിക്കുന്നു
ജപ്പാനിലെ പൊതുയിടങ്ങളിലും മാനുകൾ ഉൾപ്പെടെയുളള ജീവികൾ സ്വതന്ത്രമായി വിഹരിക്കുന്നുണ്ട്. അവയിൽ നിന്ന് യാതൊരുതരത്തിലുളള ശല്യവും ജനങ്ങൾക്കുണ്ടാകുന്നില്ല. ജപ്പാനിലെ നാര എന്ന പ്രദേശത്ത് മാനുകൾ കൂടുതലായി കാണപ്പെടുന്നു. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇത് സ്ഥിരം കാഴ്ചയാണ്.