
ജയ്‌പൂർ: പ്രതിമാസം 1.3 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച 26 കാരന്റെ കഥയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. രാജസ്ഥാനിലെ യുവാവാണ് തന്റെ വിജയകരമായ സംരംഭത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കഴിഞ്ഞ വർഷം ജോലി ഉപേക്ഷിച്ച് ഹോംസ്റ്റേ തുടങ്ങിയ തനിക്ക് ഇന്ന് 2.5 ലക്ഷം രൂപയുടെ മാസവരുമാനം ഉണ്ടെന്നാണ് യുവാവ് പങ്കുവച്ച പോസ്റ്റിൽ പറയുന്നത്.
26കാരന്റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. 'Airbnb' എന്ന ഹോംസ്റ്റേ നടത്തിയാണ് യുവാവ് വരുമാനം കണ്ടെത്തിയത്. യാത്ര ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് ജോലി ഉപേക്ഷിച്ചതെന്നും ആദ്യത്തെ മാസങ്ങൾ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നെന്നും യുവാവ് പറയുന്നു.
'കഴിഞ്ഞ വർഷമാണ് 1.3 ലക്ഷം രൂപ പ്രതിമാസം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് രാജസ്ഥാനിൽ ഹോംസ്റ്റേ തുടങ്ങിയത്. വലിയ പദ്ധതികളൊന്നും തുടക്കത്തിൽ ഇല്ലായിരുന്നു. സ്വന്തമായി എന്തെങ്കിലും തുടങ്ങാനും കൂടുതൽ യാത്ര ചെയ്യാനും ഞാൻ ആഗ്രഹിച്ചു. ആദ്യത്തെ കുറച്ച് മാസങ്ങൾ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. വരുമാനവും ലഭിച്ചിരുന്നില്ല. എന്നാൽ ഈ മാസം എനിക്ക് 2.5 ലക്ഷം രൂപയുടെ വരുമാനമാണ് ലഭിച്ചത്. ഇത് ഞാൻ മുൻപ് നേടിയിരുന്ന ശമ്പളത്തേക്കാൾ കൂടുതലാണ്. ഒറ്റരാത്രികൊണ്ട് നേടിയ വിജയമല്ല. എല്ലാം പഠിച്ച് മാസങ്ങളോളം കഷ്ടപ്പെട്ടിട്ടാണ് ഇത്തരം ഒരു വിജയം നേടിയത്'- യുവാവ് പറഞ്ഞു.