notes

ന്യൂഡൽഹി: 5,817 കോടി രൂപ മൂല്യമുളള 2000ന്റെ നോട്ടുകൾ ഇപ്പോഴും പ്രചാരത്തിലുണ്ടെന്ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ). കഴിഞ്ഞ ദിവസമാണ് ആർബിഐ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തുവിട്ടത്. 2023 മേയ് 19ന് രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചിരുന്നു. ആ സമയം ഇന്ത്യയൊട്ടാകെ 3.56 ലക്ഷം കോടിയുടെ 2000ന്റെ നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു. കഴിഞ്ഞ മാസം അവസാനത്തോടെ പുറത്തുവന്ന കണക്കനുസരിച്ച് ഈ നിരക്ക് 5,817 കോടി രൂപയായി കുറഞ്ഞുവെന്നാണ് ആർബിഐ വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ നിയമം വന്നതിനുതൊട്ടുപിന്നാലെ തന്നെ പഴയ 2000 രൂപയുടെ നോട്ടുകൾ മാ​റ്റിവാങ്ങാനുളള സൗകര്യങ്ങളും ആർബിഐ ഒരുക്കിയിരുന്നു. കൂടാതെ പൊതുജനങ്ങൾക്ക് 2000 രൂപ മാ​റ്റുന്നതിനായി ആർബിഐയുടെ ഇഷ്യൂ ഓഫീസുകളിലേക്ക് പോസ്‌​റ്റോഫീസ് മുഖേന അയക്കാനുളള സൗകര്യവും ഒരുക്കിയിരുന്നു.

അഹമ്മദാബാദ്, ബംഗളൂരു, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഢ്, ചെന്നൈ,ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു കാശ്മീർ, കാൺപൂർ, കൊൽക്കത്ത, ലക്നൗ, മുംബയ്, നാഗ്പൂർ, ഡൽഹി, പാട്ന, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആർബിഐയുടെ ഇഷ്യൂ ഓഫീസുകളുളളത്. 2000 രൂപയുടെ നോട്ടുകൾ ഇപ്പോഴും കൈവശം വച്ചിരിക്കുന്ന പൗരന്മാർ നിലവിലെ നടപടിക്രമങ്ങളെക്കുറിച്ചറിയാൻ അടുത്തുള്ള ആർ‌ബി‌ഐ റീജിയണൽ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ നടപടികൾ സ്വീകരിക്കാതെ നിരോധന നോട്ടുകൾ ഉപയോഗിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

നോട്ടുകളുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുളള മാറ്റങ്ങളാണ് കേന്ദ്രസർക്കാർ പല വർഷങ്ങളിലായി അവതരിപ്പിച്ചത്. അതിൽ പ്രധാനപ്പെട്ടതായിരുന്നു 2016 നവംബറിലെ നോട്ടുനിരോധനം. നവംബർ എട്ടിന് രാത്രി എട്ടുമണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിക്കുകയാണെന്ന നിർണായക പ്രഖ്യാപനം നടത്തിയത്. കളളപ്പണത്തിന്റെ ഒഴുക്കും കളളനോട്ടിന്റെ പ്രചാരണവും തടയുന്നതിനുവേണ്ടിയായിരുന്നു പുതിയ മാറ്റം. പകരം 500ന്റെയും 200ന്റെയും പുതിയ നോട്ടുകളും അവതരിപ്പിച്ചിരുന്നു.