
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎയും പശ്ചിമ ബംഗാൾ മുൻ മന്ത്രിയുമായ ജ്യോതിപ്രിയ മല്ലിക്കിനെ വീട്ടിൽ കയറി മർദിച്ച യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രി ഒമ്പത് മണിയോടെ സാൾട്ട് ലേക്ക് പ്രദേശത്തെ എംഎൽഎയുടെ വീട്ടിൽ അതിക്രമിച്ച കയറിയാണ് 30കാരനായ അഭിഷേക് ദാസ് ആക്രമണം നടത്തിയത്. പെട്ടെന്ന് എംഎൽഎയുടെ മുന്നിലേക്ക് ചാടിവീണ പ്രതി അദ്ദേഹത്തിന്റെ അടിവയറ്റിൽ ഇടിക്കുകയായിരുന്നു.
ഇടിയേറ്റ വേദനയിൽ ജ്യോതിപ്രിയ ബഹളം വച്ചതോടെ അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ഓടിയെത്തി യുവാവിനെ പിടികൂടുകയായിരുന്നു. പിന്നീട് ബിധാൻനഗർ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹബ്ര പ്രദേശത്തെ താമസക്കാരനാണ് പ്രതി. ഹബ്ര മണ്ഡലത്തിന്റെ എംഎൽഎയാണ് ജ്യോതിപ്രിയ.
ഒരു ജോലി നൽകണമെന്ന് ജ്യോതിപ്രിയ മല്ലിക്കിനോട് പറയാനാണ് താൻ എത്തിയതെന്നും ചോദ്യംചെയ്യലിൽ അഭിഷേക് പൊലീസിനോട് പറഞ്ഞു. എന്നാൽ, നഗരത്തിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യക്തിയാണ് അഭിഷേകെന്ന് പിന്നീട് കണ്ടെത്തി.
പെട്ടെന്നൊരാൾ മുന്നിലേക്ക് ചാടിവീണ് അടിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് ജ്യോതിപ്രിയ പറഞ്ഞു. സംഭവസമയത്ത് അയാൾ മദ്യപിച്ചിരുന്നോയെന്ന് അറിയില്ല. ഇതിന് മുമ്പ് അയാളെ കണ്ടിട്ടില്ല. സ്വന്തം മണ്ഡലത്തിൽ നിന്നുള്ള ആരെങ്കിലും ആക്രമിക്കുമെന്ന് തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലെന്ന് ജ്യോതിപ്രിയ പറഞ്ഞു.
രണ്ടുവർഷം മുമ്പ് വനംമന്ത്രിയായിരിക്കെ അഴിമതി കേസിൽ കേന്ദ്ര ഏജൻസികൾ ജ്യോതിപ്രിയയെ അറസ്റ്റ് ചെയ്‌തിരുന്നു. മുമ്പ് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന കാലത്തുണ്ടായ കേസിലായിരുന്നു അറസ്റ്റ്. തുടർന്ന് മല്ലിക്കിനെ സ്ഥാനത്ത് നിന്ന് നീക്കി. പകരം ബിർബഹ ഹൻസ്‌ഡയെ വനം മന്ത്രിയാക്കി.