
ചെലവ് കുറച്ച് കൂടുതൽ സ്ഥലങ്ങൾ കണ്ടുമടങ്ങാനാണ് സഞ്ചാരികൾ പദ്ധതിയിടുന്നത്. അതിനായി ആഡംബര വാസസ്ഥലങ്ങളും ഭക്ഷണവും ഒഴിവാക്കാൻ ചിലരെങ്കിലും ശ്രദ്ധിക്കാറുണ്ട്. ഒറ്റയ്ക്ക് യാത്ര നടത്തുന്നവരിലേറെയും ഇത്തരത്തിൽ ചെയ്യുന്നവരായിരിക്കും. അടുത്തിടെ ഒരു വിദേശ സഞ്ചാരി വെറും 20 രൂപ കൊടുത്ത് താമസിക്കാൻ കഴിയുന്ന ഒരു ഹോട്ടൽ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പരിചയപ്പെടുത്തി.
വീഡിയോ വൈറലായതോടെ ഹോട്ടൽ മുറികൾ എവിടെയാണെന്ന് അന്വേഷിച്ചറിയാൻ നിരവധിയാളുകൾ എത്തി. ഒടുവിലാണ് സത്യാവസ്ഥ മനസിലായത്. ബഡ്ജറ്റ് സൗഹൃദപരമായി ഹോട്ടൽ മുറിയിൽ താമസിക്കാമെന്നായിരുന്നു വീഡിയോ. പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ഒരു ഹോട്ടലാണ് വീഡിയോയിലുളളത്. ബ്രിട്ടീഷ് ട്രാവൽ വ്‌ളോഗറായ ഡേവിഡ് സിംപ്സണാണ് വീഡിയോ പങ്കുവച്ചത്.
താൻ സാധാരണയായി ഫൈവ് സ്റ്റാർ ഹോട്ടലിലാണ് താമസിക്കുന്നതെന്നും എന്നാൽ ചെറിയ ഹോട്ടൽ മുറിയിൽ നിന്നുലഭിച്ച അനുഭവങ്ങൾ മറക്കാൻ സാധിക്കില്ലെന്നുമാണ് യുവാവ് പറഞ്ഞത്. 'കാരവെൻസറായി എന്നാണ് ഈ സിമ്പിൾ ഹോട്ടലിന്റെ പേര്. പക്ഷെ ഈ ഹോട്ടലിൽ പ്രത്യേക മുറികളില്ല, എയർ കണ്ടീഷണറില്ല, അലങ്കാരങ്ങളില്ല, ഒരു കെട്ടിടത്തിന്റെ റൂഫ് ടോപ്പിൽ താമസിക്കാനുളള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്, ഇവിടെയെത്തുന്ന അതിഥികൾ പരമ്പരാഗത കട്ടിലുകളിലാണ് കിടക്കുന്നത്. വൃത്തിയുളള ഷീറ്റുകൾ ലഭ്യമാണ്, ഫാനുണ്ട്, സൗജന്യമായി ചായയും ഇവിടെ ലഭ്യമാണ്. ഹോട്ടലിന്റെ ഉടമ വലിയ സ്നേഹത്തോടെയും അതിവിനയത്തോടുമാണ് സഞ്ചാരികളോട് പെരുമാറുന്നത്. നഗരത്തിലെ പല വലിയ കെട്ടിടങ്ങളും ഇവിടെ നിന്ന് ആസ്വദിക്കാവുന്നതാണ്. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസിക്കുമ്പോൾ ലഭിക്കുന്നതിനേക്കാൾ സംതൃപ്തി ഇവിടെ നിന്ന് ലഭിക്കും'- യുവാവ് വീഡിയോയിൽ പറഞ്ഞു.
വീഡിയോയ്ക്ക് പലതരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ യുവാവിനെ കളിയാക്കുന്നുണ്ട്, ഇത്തരത്തിലൊരു മുറിയിൽ താമസിക്കാൻ വട്ടാണോയെന്നാണ് ഒരാൾ പ്രതികരിച്ചത്. മറ്റൊരാൾ കമന്റ് ചെയ്തത്, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ഈ മുറി മതിയാകുമെന്നാണ്.