indian-team

മുംബയ്: ഏകദിന വനിതാ ലോകകപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യൻ വനിതാ ടീമിന് വമ്പൻ സമ്മാനം പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). കളിക്കാർക്കും സപ്പോർട്ടിംഗ് സ്റ്റാഫിനുമായി 51 കോടി രൂപയാണ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പ് വിജയം ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ പുതിയ തലത്തിലേക്ക് എത്തിക്കുന്ന മഹത്തായ നേട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

വനിതാലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചത്. ജേതാക്കൾക്ക് 39.55 കോടി രൂപ ലഭിക്കും. 19.77 കോടി രൂപയാണ് റണ്ണേഴ്സ് അപ്പിന് ലഭിക്കുക. 122.5 കോടിയാണ് ആകെ സമ്മാനത്തുക.

ഇന്നലെ മുംബയ് ഡി.വൈ.പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന ഏകദിന വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കിയാണ് ഹർമൻപ്രീത് കൗറും സംഘവും ചരിത്രമെഴുതിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്‌ടത്തിൽ 298 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 246ൽ ഇന്ത്യൻ പെൺപട തളച്ചു. ലോകകപ്പിനുള്ള 15 അംഗ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും സെമിക്ക് മുമ്പ് ഓപ്പണർ പ്രതിക റാവലിന് പരിക്കേറ്റപ്പോൾ വിളിച്ചുവരുത്തിയ ഷഫാലി വെർമ്മയുടെയും ദീപ്തി ശർമ്മയുടെയും ആൾറൗണ്ടർ പ്രകടനമാണ് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത്.