
ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും സാമ്പത്തിക അഭിവൃദ്ധിയും ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. ഐശ്വര്യത്തിനായി വീട് വയ്ക്കുമ്പോഴും മരങ്ങൾ നടുമ്പോഴും പലരും വാസ്തു നോക്കാറുണ്ട്. വീട്ടുമുറ്റത്തുള്ള ചില മരങ്ങൾ ജീവിതത്തിലേക്ക് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വാസ്തുവിൽ പറയുന്നത്.
അതിൽ ഒന്നാണ് നെല്ലിമരം. വാസ്തുപ്രകാരം നെല്ലിമരം വീട്ടിന്റെ പരിസരത്ത് നടുന്നത് ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയും കൊണ്ടുവരും. ഇത് വീടിന്റെ വടക്കുഭാഗത്ത് നട്ടുവളർത്തുന്നതാണ് നല്ലത്. ഈ ഭാഗത്ത് നെല്ലിമരം ഉണ്ടെങ്കിൽ കുടുംബത്തിന് സമ്പത്തിന്റെ കാര്യത്തിൽ ഒരു കുറവും വരില്ലെന്നാണ് വിശ്വാസം. പൂജാമുറിയിൽ നെല്ലിക്ക സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജിയെ അകറ്റുന്നതായി വാസ്തുവിൽ പറയുന്നു.
അതുപോലെ സാമ്പത്തിക വളർച്ച ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ വീട്ടിൽ വളർത്തേണ്ട ഒന്നാണ് മുള. കൂടാതെ ഇത് വളർത്തുന്നതിലൂടെ ദൃഷ്ടിദോഷവും മാറുന്നു. കിഴക്ക്, തെക്കുകിഴക്ക് ദിശകളിലാണ് മുളകൾ സാധാരണയായി വയ്ക്കുന്നത്. ഇത് പോസിറ്റീവ് എനർജി വർദ്ധിപ്പിക്കാനും ഐശ്വര്യവും സമൃദ്ധിയും നൽകാനും സഹായിക്കുന്നു.
വീട്ടിൽ ഒരു പേരമരം നടുന്നത് ശുക്രനെ പ്രീതിപ്പെടുത്തുമെന്നാണ് വിശ്വാസം. ഇത് വീട്ടിൽ സന്തോഷവും സമാധാനവും കൊണ്ടുവരുന്നു. വീട്ടിൽ പേരമരം ഉള്ളത് നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നുവെന്നും വാസ്തുവിൽ പറയുന്നുണ്ട്. വീടിന്റെ കിഴക്ക് ഭാഗത്ത് പേരമരം നടുന്നതാണ് ശുഭകരം. പേരമരത്തിന് നെഗറ്റീവ് എനർജിയെ അകറ്റാനുള്ള കഴിവുണ്ടെന്നും വിശ്വാസമുണ്ട്.