money

കോഴിക്കോട്: ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധന വഴിപാടെന്ന ആക്ഷേപം നിലനിൽക്കെ വ്യാജ മരുന്നുകളുടെ പറുദീസയായി കേരളം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും മറ്റും മായം കലർത്തിയ മരുന്നുകൾ വ്യാപകമായി സംസ്ഥാനത്ത് പ്രചരിക്കുകയാണ്.

കഫ് സിറപ്പ് കഴിച്ച് രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കുട്ടികൾ മരിച്ചിട്ടും വ്യാജന്മാരെ തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ഗുണനിലവാരമില്ലാതെയും മാനദണ്ഡങ്ങൾ ലംഘിച്ചുമാണ് നിർമ്മാണം. കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിക്കാനിടയായ കെയ്സൺ ഫാർമ, ശ്രീസൺ ഫാർമ എന്നിവ അനാരോഗ്യകരമായ സാഹചര്യങ്ങളിലാണ് മരുന്ന് നിർമ്മിച്ചിരുന്നതെന്ന് മെഡിക്കൽ റപ്രസന്റേറ്റീവുമാർ പറയുന്നു. പരമാവധി വിൽപ്പന വിലയിൽ (എം.ആർ.പി) നിന്ന് വളരെ കുറച്ചാണ് വ്യാജമരുന്നുകൾ വിതരണക്കാരിലെത്തുന്നത്. ചില മരുന്നുകൾ രോഗികൾക്ക് നേരിട്ടും ലഭിക്കും. ഇതേപ്പറ്റിയും അന്വേഷണമില്ല. ഡയാലിസിസ് രോഗികൾക്ക് നൽകുന്ന ഇഞ്ചക്ഷൻ എറിത്രോപോയിറ്റിന്റെ എം.ആർ.പി ഏകദേശം 1000 രൂപയാണ്. ലഭിക്കുന്നത് 150 രൂപയ്ക്ക് !. ക്യാൻസറിനുള്ള മോണോ ക്ലോണൽ ആന്റിബോഡി വിഭാഗത്തിൽപ്പെട്ട മരുന്നുകളായ റിചുസിമാബ്, ട്രാസ്റ്റുസു മാബ് തുടങ്ങിയവയുടെ എം.ആർ.പി 35,000 ആണെങ്കിലും 7,500 രൂപയ്ക്ക് ലഭിക്കും.

4,000 രൂപയുള്ള ടിജ്സെെക്ളെെൻ പോലുള്ളവ 200 രൂപയ്ക്ക് ലഭിക്കും. വില കുറച്ചു ലഭിക്കുന്ന മരുന്നുകൾ വിതരണക്കാർ എം.ആർ.പി വിലയ്ക്കും അൽപ്പം കുറച്ചും വിൽക്കുന്നവരുണ്ട്. കമ്പനി ഡിപ്പോയിൽ നിന്ന് ഡിസ്ട്രിബ്യൂട്ടർമാർ വഴിയാണ് മെഡിക്കൽ ഷോപ്പുകളിലും ആശുപത്രികളിലും മരുന്ന് എത്തേണ്ടത്. ഈ രീതിയിലല്ലാതെയാണ് കേരളത്തിൽ മരുന്നെത്തുന്നത്. നിയമത്തിലെ പഴുതുകളും ഓൺലെെൻ മരുന്നുവ്യാപാരം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയങ്ങളും വ്യാജന്മാർക്ക് തുണയാവുകയാണ്. വ്യാജ ഔഷധ നിർമ്മാതാക്കൾക്കുള്ള ശിക്ഷ കേന്ദ്രസർക്കാർ ഇളവു നൽകിയെന്നും ആക്ഷേപമുണ്ട്.

പേരിന് പരിശോധന
സംസ്ഥാനത്ത് 150 ഡ്രഗ് ഇൻസ്പെക്ടർമാർ വേണ്ടിടത്ത് 47 പേരാണുള്ളത്. ഇതേ തുടർന്ന് മരുന്നുകളുടെ ഗുണനിലവാര പരിശോധന കാര്യക്ഷമമല്ല. 1999ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴുമുള്ളത്. കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിൽ ഉൾപ്പെടെ പരിശോധനയ്ക്ക് വാഹന സൗകര്യവും കുറവാണ്.

കോഴിക്കോട്ടും 'അനധികൃതം'
ഫാർമസിസ്റ്റോ ഡ്രഗ് ലെെസൻസോ ഇല്ലാതെ, കോഴിക്കോട് ജില്ലയിലെ സ്വകാര്യ ക്ളിനിക്കുകളിൽ മരുന്നുവിൽപ്പന നടത്തുന്നുണ്ട്. ചില സ്കിൻ, ദന്ത, ഓർത്തോ, ഡെർമറ്റോളജി ക്ളിനിക്കുകളിലാണിതെന്ന് ഫാർമസിസ്റ്റുകൾ ആരോപിക്കുന്നു.