
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കാനിരിക്കെ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് ലഭിക്കാൻ സാദ്ധ്യത. അവസാന റൗണ്ടിൽ വിജയരാഘവനും മമ്മൂട്ടിയും കടുത്ത മത്സരം കാഴ്ചവച്ചെങ്കിലും 'ഭ്രമയുഗ'ത്തിലെ കൊടുമൺ പോറ്റിക്ക് നൽകാൻ ജൂറി അഭിപ്രായപ്പെടുകയാണെന്നാണ് വിവരം. ആദ്യ ഘട്ടത്തിൽ മമ്മൂട്ടിയായിരുന്നു മുന്നിൽ. എന്നാൽ പിന്നീടുള്ള റൗണ്ടിൽ കിഷ്‌കിന്ധാകാണ്ഡത്തിലെ അപ്പുപിള്ളയെന്ന കഥാപാത്രം ജൂറിയെ ഞെട്ടിക്കുകയായിരുന്നു. മറവി രോഗമുള്ള, അതി സങ്കീർണത നിറഞ്ഞ കഥാപാത്രത്തെ അനായാസമായാണ് വിജയരാഘവൻ അവതരിപ്പിച്ചത്.
മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായാൽ, വിജയരാഘവന് സഹനടൻ അല്ലെങ്കിൽ പ്രത്യേക ജൂറി പുരസ്‌കാരം എന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിയേക്കും. മികച്ച നടിക്കുള്ള പുരസ്കാരം രണ്ട് നടിമാർ പങ്കുവയ്ക്കുമെന്നാണ് വിവരം. കാൻ ചലച്ചിത്രമേളയിൽ മികവുകാട്ടിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ലെ (പ്രഭയായ് നിനച്ചതെല്ലാം) കേന്ദ്രകഥാപാത്രങ്ങളാണ് കനി കുസൃതിയും ദിവ്യപ്രഭയും അവസാന റൗണ്ടിലെത്തിച്ചിരുന്നു. അനശ്വര രാജൻ (രേഖാചിത്രം),ജ്യോതിർമയി (ബോഗെയ്ൻ വില്ല),ഫാത്തിമ ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ) സുരഭി ലക്ഷ്മി (എ.ആർ.എം) എന്നിവരും അവസാന റൗണ്ടിൽ ഇടം പിടിച്ചിട്ടുണ്ട്.
മികച്ച ചിത്രം, ജനപ്രിയ ചിത്രം എന്നീ പുരസ്‌കാരങ്ങൾക്കായി മഞ്ഞുമ്മൽ ബോയ്സ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, പ്രേമലു, ഫെമിനിച്ചി ഫാത്തിമ, വിക്ടോറിയ, എ.ആർ.എം എന്നീ ചിത്രങ്ങളുണ്ട്. നവാഗത സംവിധാനത്തിനുള്ള മത്സരത്തിന് മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് ഉൾപ്പെടെ പരിഗണിക്കുന്നുണ്ട്. മികച്ച സംവിധായകനായി ഫൈനൽ റൗണ്ടിൽ ഏഴുപേർ എത്തിയെന്നാണ് വിവരം. പ്രാഥമിക ജൂറി വിലയിരുത്തിയശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടൻ പ്രകാശ് രാജ് അദ്ധ്യക്ഷനായ അന്തിമ ജൂറി പരിഗണിക്കുന്നത്.