abdurahman

മലപ്പുറം: സൗഹൃദ മത്സരത്തിനായി അർജന്റീന ടീം അടുത്ത വർഷം മാർച്ചിൽ കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്മാൻ. രണ്ട് ദിവസം മുമ്പ് അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ വന്നിരുന്നു. മാർച്ചിൽ വരുമെന്ന് ഉറപ്പ് നൽകിയതായും ഇത് സംബന്ധിച്ച പ്രഖ്യാപനം അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്‌എ) ഉടൻ നടത്തുമെന്നും മന്ത്രി അറിയിച്ചു. സ്റ്റേഡിയത്തിലെ അസൗകര്യങ്ങളാണ് നവംബറിലെ കളി മുടങ്ങാൻ കാരണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഫിഫയുടെ അനുമതി സംബന്ധിച്ച കാര്യങ്ങളിൽ മന്ത്രി വ്യക്തത വരുത്തിയിട്ടില്ല. നേരത്തേ ഒക്‌ടോബറിൽ വരുമെന്നും പിന്നീട് നവംബറിൽ വരുമെന്നുമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കേരളത്തിലെ സ്റ്റേഡിയമടക്കമുള്ള പ്രശ്‌നങ്ങൾ കാരണം നവംബര്‍ വിന്‍ഡോയില്‍ കേരളത്തില്‍ എത്തില്ലെന്ന് ഒടുവിൽ മന്ത്രിയും സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിനും പ്രഖ്യാപിച്ചു. അടുത്ത വിന്‍ഡോ ആയ മാര്‍ച്ചില്‍ വരുമെന്നാണ് ഇപ്പോള്‍ മന്ത്രി വ്യക്തമാക്കുന്നത്.

കേരളത്തിൽ വരുമെന്നറിയിച്ചിരുന്ന നവംബർ 14ന് അർജന്റീന, ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ സൗഹൃദ ഫുട്‌ബോൾ മത്സരത്തിനെത്തും. ലുവാണ്ടയിലെ സ്റ്റേഡിയത്തിലാണ് മത്സരം. അംഗോളയുടെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഗോട്ട് ടൂർ 2025ന്റെ ഭാഗമായി മെസി ഡിസംബറിൽ ഇന്ത്യയിലെത്തുന്നുണ്ട്. മെസിക്കൊപ്പം സഹതാരം റോഡ്രിഗോ ഡി പോൾ, യുറഗ്വായ് താരം ലൂയിസ് സുവാരസ് എന്നിവരുമുണ്ടെന്നാണ് വിവരം. ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബയ് എന്നിവിടങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ഡിസംബർ 12 മുതൽ 15 വരെ ഇന്ത്യയിലുണ്ടാകും. പ്രമുഖ സ്‌പോർട്‌സ് സംരംഭകനും ഗോട്ട് ടൂർ 2025ന്റെ സംഘാടകനുമായ സതാദ്രു ദത്തയാണ് മെസിയെ ഇന്ത്യയിലെത്തിക്കുന്നത്. പെലെ, ഡീഗോ മറഡോണ എന്നിവരെയുൾപ്പെടെ മുമ്പ് ഇദ്ദേഹം ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.