d

കഴിഞ്ഞരാത്രി മുംബയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ചരിത്രത്തിലാദ്യമായി ലോകകപ്പ് ഉയർത്തി. 1973 മുതലുള്ള ലോകകപ്പുകളിൽ മത്സരിച്ചിട്ടും ഇന്ത്യയ്ക്ക് കിരീടം കിട്ടാക്കനിയായിരുന്നു. രണ്ടുതവണ ഫൈനലിൽ എത്തിയെങ്കിലും കണ്ണീരോടെ മടങ്ങാനായിരുന്നു വിധി. പുരുഷ ക്രിക്കറ്റിൽ ഇന്ത്യ ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയുമുൾപ്പടെയുള്ള ഐ.സി.സി കിരീടങ്ങൾ വെട്ടിപ്പിടിക്കുമ്പോഴും വനിതാ ക്രിക്കറ്റിന് ആ നിലവാരത്തിലേക്കുയരാൻ കഴിഞ്ഞിരുന്നില്ല എന്ന യാഥാർത്ഥ്യത്തെയാണ് വിപ്ളവകരമായ കിരീടവിജയത്തിലൂടെ ഹർമൻപ്രീത്കൗറും സംഘവും പഴങ്കഥയാക്കിയത്. ആൺ ക്രിക്കറ്റിന്റെ പിന്നാമ്പുറത്തല്ല വനിതാ ക്രിക്കറ്റിന്റെ സ്ഥാനമെന്ന പ്രഖ്യാപനം കൂടിയാണ് ഈ വിജയം. സ്വന്തം നാട്ടിൽ നടന്ന ടൂർണമെന്റ് എന്ന അനുകൂല ഘടകമുണ്ടായിരുന്നെങ്കിലും കടുത്ത വെല്ലുവിളികൾ കടന്നാണ് ഇന്ത്യയുടെ തേരോട്ടം.

പ്രാഥമിക റൗണ്ടിൽ ശ്രീലങ്കയെയും പാകിസ്ഥാനെയും തോൽപ്പിച്ച ശേഷം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ളണ്ട് എന്നിവരോടു തോറ്റത് ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയിരുന്നു. ന്യൂസിലാൻഡിന് എതിരായ വിജയമാണ് പെൺപടയെ വീണ്ടും ട്രാക്കിലേക്കെത്തിച്ചത്. ഈ ലോക കപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ജയം ഓസ്ട്രേലിയയ്ക്ക് എതിരായ സെമി ഫൈനലിലായിരുന്നു. ഗ്രൂപ്പ് റൗണ്ടിൽ 300-ലധികം റൺസടിച്ചിട്ടും ഓസീസിന്റെ ചേസിംഗ് മികവിനു മുന്നിൽ പകച്ചുപോയവർ സെമിയിൽ 338 റൺസ് എന്ന ഓസീസ് സ്കോർ ചേസ് ചെയ്ത് ജയിച്ചപ്പോൾ അത് ചരിത്രമായി മാറി. ജെമീമ റോഡ്രിഗസ് എന്ന 25-കാരിയുടെ നിശ്ചയദാർഢ്യത്തിന്റെയും ഹർമൻപ്രീത് കൗറിന്റെ നേതൃശേഷിയുടെയും വിജയമായിരുന്നു സെമിയിൽ കണ്ടത്. പ്രാഥമികറൗണ്ടിൽ മോശം ഫോമിലായതിനാൽ ഒരു മത്സരത്തിൽനിന്ന് ജെമീമയെ മാറ്റിനിറുത്തിയിരുന്നു. വീണ്ടും കളത്തിലേക്കിറക്കിയപ്പോൾ ഫസ്റ്റ്ഡൗൺ പൊസിഷനിൽ ബാറ്റുചെയ്യാനാണ് കോച്ച് ആവശ്യപ്പെട്ടത്. കൃത്യതയും ലക്ഷ്യബോധവുമുള്ള ബാറ്റിംഗ് ജെമീമ കാഴ്ചവയ്ക്കുകയും ചെയ്തു.

കരുത്തോടെ, കരുതലോടെ ഓരോ ചുവടുംവച്ച് യുദ്ധം നയിച്ച ജമീമ എക്കാലവും തന്നെ ഓർത്തിരിക്കാനുള്ള ഐതിഹാസിക സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. ഫൈനലിൽ കളിച്ച ദക്ഷിണാഫ്രിക്കയിൽനിന്ന് ഗ്രൂപ്പ് റൗണ്ടിൽ തോൽവി ഏറ്റുവാങ്ങിയിരുന്നെങ്കിലും,​ മുംബയിൽ ടോസ് മുതൽ നാദീൻ ഡിക്ലെർക്കിന്റെ ഉയർന്നുപൊങ്ങിയ ഷോട്ട് കൈയിലൊതുക്കുംവരെ ഹർമൻപ്രീത്കൗർ പുറത്തെടുത്തത് വിജയിയുടെ ശരീരഭാഷയാണ്. തോറ്റുകൊടുക്കാൻ മനസില്ലെന്ന നിലപാടിലാണ് ഓരോ കളിക്കാരിയും നിലകൊണ്ടത്. 87 റൺസും രണ്ട് വിക്കറ്റുകളുമായി ഫൈനലിൽ കളം നിറഞ്ഞ ഷഫാലി വെർമ്മയ്ക്ക് ലോകകപ്പ് ടീം പ്രഖ്യാപിക്കുമ്പോൾ ഇടമില്ലായിരുന്നു. സെമി മുതൽ പകരക്കാരിയായെത്തി. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിൽ ഷഫാലിയുടെ കൈയൊപ്പുകൂടി പതിയണമെന്നായിരുന്നു വിധിനിയോഗം.

ബാറ്റുകൊണ്ടും ബാളുകൊണ്ടും ടൂർണമെന്റിൽ ഉടനീളം മികവുകാട്ടിയ ദീപ്തി ശർമ്മ അർഹിച്ച അംഗീകാരമാണ് ടൂർണമെന്റിലെ മികച്ചതാരത്തിനുള്ള പുരസ്കാരം. ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്ററായി റെക്കാഡിട്ട സ്മൃതി മാന്ഥന, റിച്ച ഘോഷ്, ഹർലീൻ ഡിയോൾ, പരിക്കേറ്റ് മടങ്ങുന്നതുവരെ മികവുകാട്ടിയ പ്രതിക റാവൽ, അരുന്ധതി റെഡ്ഡി, അമൻജോത് കൗർ, ശ്രീചരണി തുടങ്ങി നിരവധി താരങ്ങളുടെ മികച്ച പ്രകടനങ്ങളുടെ ഫലമാണ് ഈ നേട്ടം. തോൽവിയുടെ വേദന ഒരുപാടുതവണ അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് വിജയത്തിന്റെ സന്തോഷം അറിയണമെന്നാണ് ഫൈനലിനു മുമ്പ് ഹർമൻപ്രീത് പറഞ്ഞത്. കന്നിക്കിരീടം ഏറ്റുവാങ്ങി ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ മിഥാലിയുടെയും ജുലാൻ ഗോസ്വാമിയുടെയും അൻജും ചോപ്രയുടെയും കൈകളിലേക്ക് വച്ചുകൊടുക്കുമ്പോൾ അവരുടെ നിറഞ്ഞൊഴുകിയ കണ്ണുകളിൽ ആ നിർവൃതി കാണാമായിരുന്നു. വരുംകാല ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ദീപസ്തംഭമായി ഈ കിരീടം മാറട്ടെ.