thesni-khan

മലയാള സിനിമയിൽ കോമഡി വേഷങ്ങളിലൂടെ സുപരിചിതയായി മാറിയ നടിയാണ് തെസ്‌നി ഖാൻ. മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ്ബോസിന്റെ രണ്ടാം സീസണിലെ മത്സരാർത്ഥിയായും തെസ്‌നി ഖാൻ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. ഇപ്പോഴിതാ ബിഗ്ബോസിൽ തന്നോടൊപ്പം മത്സരിച്ചവരെക്കുറിച്ചും ഒരു അഭിമുഖത്തിൽ തെസ്നി ഖാൻ തുറന്നുപറഞ്ഞിരിക്കുകയാണ്. ഇത്തവണത്തെ ബിഗ്ബോസിൽ വരുത്തേണ്ടിയിരുന്ന മാറ്റങ്ങളെക്കുറിച്ച് തെസ്‌നി പറഞ്ഞു.

'അധികമായി ആരോടും അടുപ്പം കാണാതിരിക്കുന്നതാണ് നല്ലത്. എല്ലാ കാര്യവും ആരോടും തുറന്നുപറയരുത്. അങ്ങനെയാണെങ്കിൽ ആ ബന്ധം എല്ലാക്കാലവും നിലനിൽക്കും. ബിഗ്‌ബോസിലുളളവർ ഗെയിം കളിക്കുകയാണെന്ന് എല്ലാവരും പറയുന്നുണ്ട്. അത് സത്യമല്ല. എല്ലാവരും സ്വന്തം സ്വഭാവം തന്നെയാണ് അവിടെ കാണിക്കുന്നത്. അന്ന് എന്നോടൊപ്പമുണ്ടായിരുന്നവരെ എനിക്ക് ബിഗ്‌ബോസിൽ എത്തുന്നതിന് മുൻപ് തന്നെ അറിയാമായിരുന്നു. എല്ലാവർക്കും എന്നെ വലിയ കാര്യമായിരുന്നു. പക്ഷെ അവരാരും എനിക്ക് സ്‌ക്രീൻ സ്‌പേസ് തന്നിരുന്നില്ല.

ബിഗ്ബോസിൽ നിന്ന് എനിക്ക് നല്ല സൗഹൃദമൊന്നും കിട്ടിയിട്ടില്ല. അന്ന് എന്നോടൊപ്പം മത്സരിച്ച ആരോടും ഇപ്പോൾ സംസാരിക്കാറില്ല. ഈ അടുത്ത് നടി ആര്യ ബഡായി അവരുടെ വിവാഹത്തിന് എന്നെ ക്ഷണിച്ചിരുന്നു. ബിഗ്‌ബോസിൽ വന്ന സമയത്ത് എന്നെ ചേച്ചിയെന്നായിരുന്നു ആര്യ വിളിച്ചിരുന്നത്. നല്ല ബഹുമാനത്തിലാണ് പെരുമാറിയത്. എന്നാൽ മറ്റുളളവർ അങ്ങനെയല്ല. നേരിൽ കണ്ടാൽപോലും ബലം പിടിച്ചാണ് നടക്കുന്നത്.

ബിഗ്ബോസിൽ ചെറിയ കാര്യങ്ങൾക്കുപോലും വഴക്കിടുന്ന അവസ്ഥയായിരുന്നു. എല്ലാവരും നന്നായി ബുദ്ധിമുട്ടിയാണ് അവിടെ നിന്നത്. കൃത്യമായി ഭക്ഷണമില്ല, ഉറക്കമില്ല. ബിഗ്‌ബോസിൽ മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ കുറച്ച് ശ്രദ്ധ കാണിച്ചാൽ കൊളളാം. പല മേഖലയിൽ നിന്നുളളവരെയാണ് എടുക്കേണ്ടത്. ഞാൻ പങ്കെടുത്ത സീസണിൽ കൂടുതൽ സിനിമാതാരങ്ങളായിരുന്നു. എപ്പോഴും സിനിമാതാരങ്ങൾ എന്തുചെയ്യുന്നുവെന്ന് കാണാനാണ് ആളുകൾക്കിഷ്ടം. കൂടുതലാളുകളും ലാലേട്ടൻ ഉളളതുകൊണ്ടാണ് ബിഗ്‌ബോസ് കാണുന്നത്. അദ്ദേഹം ഇല്ലെങ്കിൽ ആരും ആ ഷോ കാണില്ല'- തെസ്നി ഖാൻ പറഞ്ഞു.