
ബംഗളൂരു: തെരുവുനായയെ കൂട്ടബലാത്സംഗം ചെയ്തതിൽ കേസെടുത്ത് പൊലീസ്. കർണാടകയിലെ ചിക്കനായകനഹള്ളിയിലാണ് സംഭവം. മൃഗസംരക്ഷണ പ്രവർത്തകയുടെ പരാതിയിലാണ് കേസ് എടുത്തത്. പരാതിക്കാരി സ്ഥിരമായി ഭക്ഷണം നൽകുന്ന മിലി എന്ന് പേര് നൽകിയിരിക്കുന്ന നായയാണ് അതിക്രമത്തിനിരയായത്.
ഒക്‌ടോബർ 13നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ചിക്കനായകനഹള്ളിയിൽ തൊഴിലാളികൾ താമസിക്കുന്ന ഷെഡ്ഡിന് സമീപത്തായാണ് അതിക്രമം നടന്നത്. സംഭവദിവസം രാത്രി ഭക്ഷണം നൽകാനെത്തിയപ്പോൾ ഷെഡ്ഡിൽവച്ച് ഒരുസംഘം പുരുഷന്മാർ നായയെ ബലാത്സംഗം ചെയ്യുന്നത് കണ്ടുവെന്നാണ് പരാതിക്കാരി പറയുന്നത്. പിന്നീട് നായയെ കാണാതായി. മൂന്ന് ദിവസത്തിനുശേഷം നായയെ കണ്ടെത്തിയപ്പോൾ സ്വകാര്യ ഭാഗത്ത് പരിക്കുണ്ടായിരുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. ഒക്‌ടോബർ 18നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.
അതിക്രമം നേരിട്ട നായയെ കണ്ടെത്താനായി 25ഓളം സിസിടിവി ക്യാമറകളാണ് പൊലീസ് പരിശോധിച്ചത്. വെറ്ററിനറി വിദഗ്ദ്ധരുടെ സഹായവും തേടിയിരുന്നു. നായയെ കണ്ടെത്തിയതിനുശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഫോറൻസിക് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചതായും പൊലീസ് അറിയിച്ചു. പരിശോധനാ ഫലങ്ങൾ ലഭിച്ചതിനുശേഷം കൂടുതൽ നടപടികളിലേയ്ക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കി.