s

ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡിയിൽ ബസിലേക്ക് ചരക്കുലോറി ഇടിച്ചുകയറി പത്ത് മാസം പ്രായമായ കുഞ്ഞുൾപ്പെടെ 20 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണ്. സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ (ടി.ജി.ആർ.ടി.സി) ബസാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ രാവിലെ 7.10 ഓടെയാണ് ബസിനെ ചരക്കുലോറി മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ലോറിയിലുണ്ടായിരുന്ന മെറ്റൽ ബസിനകത്തേക്ക് കയറിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. നിരവധി പേർ ബസിനടിയിൽ കുടുങ്ങിയതിനാൽ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. ബസിലുണ്ടായിരുന്ന പലരും റോഡിലേക്ക് തെറിച്ചു വീണു. അപകടത്തിൽ ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർ സംഭവസ്ഥത്ത് വച്ച് മരച്ചിരുന്നു. തലകീഴായി മറിഞ്ഞ ലോറി പിന്നീട് ജെ.സി.ബി ഉപയോഗിച്ച് എടുത്ത് മാറ്റി. 50 ഓളം പേരാണ് തണ്ടൂർ ഡിപ്പോയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ബസിലുണ്ടായിരുന്നത്.

സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടെന്ന് ഗതാഗത മന്ത്രി പൊന്നം പ്രഭാകർ പറഞ്ഞു. പരിക്കേറ്റവരെ ചെവല്ല സർക്കാർ ആശുപത്രിയിലേക്കും ഗുരുതരാവസ്ഥയിലുള്ളവരെ ഹൈദരാബാദിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചെന്നും തെലങ്കാന സർക്കാർ അറിയിച്ചു. വിവിധ മന്ത്രിമാരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടസ്ഥലം മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും ടി.ജി.എസ്.ആർ.ടി.സിന്റെ 2 ലക്ഷം രൂപയും നൽകുമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകും.

അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. അതേസമയം, അപകടത്തെത്തുടർന്ന് ഹൈദരാബാദ്ബിജാപൂർ ഹൈവേയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. അപകടത്തിന്റെ കാരണം ഉൾപ്പടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

രക്ഷപ്പെട്ടത് കണ്ടക്ടർ

സൈഡിലിരുന്ന യാത്രക്കാർ

വിദ്യാർത്ഥികളടക്കം സഞ്ചരിച്ച ബസിൽ രക്ഷപ്പെട്ടത് കണ്ടക്ടർ സൈഡിലിരുന്ന യാത്രക്കാർ. അതേസമയം, ബസ് ഡ്രൈവറുടെ പിന്നിൽ ഇരുന്നിരുന്ന എല്ലാ യാത്രക്കാരും കൊല്ലപ്പെട്ടു.

"നിരവധി പേർ ചരലിനടിയിൽ കുടുങ്ങി. എതിർദിശയിൽ നിന്നാണ് ടിപ്പർ ലോറി വന്നത്. ഞാൻ ബസിന്റെ ഇടതുവശത്ത് ഇരുന്നതിനാൽ പെട്ടെന്ന് പുറത്തിറങ്ങാൻ കഴിഞ്ഞു. പക്ഷേ ഡ്രൈവറുടെ പിന്നിൽ ഇരുന്നവർക്ക് എത്താൻ കഴിഞ്ഞില്ല. അവർ എല്ലാവരും മരിച്ചു"- യാത്രക്കാരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.