cement

ഉത്പാദന ചെലവ് കുറഞ്ഞതും വിപണി ഉണർവും കരുത്തായി

കൊച്ചി: ചരക്കുസേവന നികുതിയിലെ(ജി.എസ്.ടി) ഇളവിന്റെയും അസംസ്‌കൃത സാധനങ്ങളുടെ വിലയിടിവിന്റെയും കരുത്തിൽ സിമന്റ് കമ്പനികളുടെ ലാഭം കുതിച്ചുയരുന്നു. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ പ്രമുഖ സിമന്റ് കമ്പനികളായ അൾട്രാടെക്ക്, അംബുജ സിമന്റ്സ്, എ.സി.സി, ശ്രീ സിമന്റ് എന്നിവയുടെ അറ്റാദായത്തിലും വരുമാനത്തിലും മൂന്നിരട്ടി വരെ ഉയർന്നു.

ആദിത്യ ബിർള ഗ്രൂപ്പ് കമ്പനിയായ അൾട്രാടെക്കിന്റെ അറ്റാദായം ജൂലായ്-സെപ്തംബർ കാലയളവിൽ 75.2 ശതമാനം ഉയർന്ന് 1,231.58 കോടി രൂപയിലെത്തി. കമ്പനിയുടെ പ്രവർത്തന വരുമാനം 20.3 ശതമാനം ഉയർന്ന് 19,606.93 കോടി രൂപയിലെത്തി. അദാനി ഗ്രൂപ്പ് കമ്പനികളായ എ.സി.സി, അംബുജ സിമന്റ്‌സ് എന്നിവയും മികച്ച നേട്ടമുണ്ടാക്കി. അവലോകന കാലയളവിൽ എ.സി.സിയുടെ അറ്റാദായം 460 ശതമാനം ഉയർന്ന് 1,119 കോടി രൂപയിലെത്തി. അംബുജ സിമന്റ്‌സിന്റെ അറ്റാദായം 268 ശതമാനം ഉയർന്ന് 1,766 കോടി രൂപയായി. ശ്രീസിമന്റിന്റെ ലാഭം മൂന്നിരട്ടി വർദ്ധിച്ച് 277 കോടി രൂപയിലെത്തി.

വമ്പൻ നിക്ഷേപവുമായി കമ്പനികൾ

രാജ്യത്തെ സാമ്പത്തിക വളർച്ച ശക്തമാകുന്ന പശ്ചാത്തലത്തിൽ സിമന്റ് കമ്പനികൾ ഉത്പാദന ശേഷി വർദ്ധിപ്പിക്കുന്നു. ആഗോള സിമന്റ് ഉത്പാദന കേന്ദ്രമായി ഇന്ത്യ കുതിക്കുകയാണ്. പ്രതിവർഷ ഉത്പാദന ശേഷിയിൽ 2.28 കോടി ടണ്ണിന്റെ വർദ്ധന ലക്ഷ്യമിട്ട് അൾട്രാടെക്ക് 10,255 കോടി രൂപ നിക്ഷേപിക്കും. അഞ്ച് വർഷത്തിനിടെ സിമന്റ് രംഗത്ത് 50,000 കോടി രൂപ നിക്ഷേപിച്ചിരുന്നു. അദാനി ഗ്രൂപ്പ് 9,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്.

ജൂലായ്- സെപ്തംബർ കാലയളവിലെ കമ്പനികളുടെ മൊത്തം ലാഭം

4,393.58 കോടി രൂപ

വിപണി വിഹിതം

അൾട്രാടെക്ക്: 26.2 ശതമാനം

അദാനി ഗ്രൂപ്പ്: 14.3 ശതമാനം

ശ്രീ സിമന്റ്‌സ്: 9 ശതമാനം

ഡാൽമിയ സിമന്റ്‌സ്: 7.1 ശതമാനം

അനുകൂല ഘടകങ്ങൾ

1. ക്രൂഡ് വിലയിലെ ഇടിവ് ലാഭക്ഷമത ഉയർത്തുന്നു

2. പശ്ചാത്തല വികസന ഉണർവിൽ ഉപഭോഗം കൂടുന്നു

3. ജി.എസ്.ടി കുറഞ്ഞതോടെ ഭവന വിപണിയിൽ ഉണർവ്

4. പലിശ കുറഞ്ഞതോടെ പ്രവർത്തന ലാഭം മെച്ചപ്പെട്ടു

വിലയിലെ ശരാശരി വർദ്ധന

സിമന്റ് ചാക്കൊന്നിന് അഞ്ച് ശതമാനം ഉയർന്ന് 350 മുതൽ 365 രൂപ വരെയായി