asif-ali

കൊച്ചി: സംസ്ഥാന സർക്കാരിന്റെ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം നേടിയതിൽ സന്തോഷമുണ്ടെന്ന് നടൻ ആസിഫ് അലി. മമ്മൂട്ടിക്കൊപ്പമുള്ള നോമിനേഷൻ തന്നെ വലിയ സന്തോഷമാണെന്നും പുരസ്കാരം മുന്നോട്ടുള്ള ശ്രമങ്ങൾക്കുള്ള വലിയ ധെെര്യമാണെന്നും നടൻ വ്യക്തമാക്കി. കരിയറിൽ എപ്പോഴും കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനിയും ശ്രമിച്ചുകൊണ്ടിരിക്കുമെന്നും 55-ാമത് സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനത്തിന് ശേഷം ആസിഫ് പറഞ്ഞു. 'കിഷ്‌കിന്ധാകാണ്ഡം' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് താരത്തിന് ജൂറി പരാമർശം.

'സന്തോഷമുണ്ട്, കഴിഞ്ഞ നാല‌ഞ്ച് ദിവസമായി വളരെയധികം എക്‌സെെറ്റ്മെന്റിലായിരുന്നു. പുരസ്കാരം പ്രഖ്യാപനം പല തവണ മാറ്റിവച്ചു. ഫെെനൽ ലിസ്റ്റിൽ മമ്മൂക്കയോടൊപ്പം എന്റെ പേര് കണ്ടതുമുതൽ ഭയങ്കര എക്‌സെെറ്റ്മെന്റിലായിരുന്നു. ആ നോമിനേഷൻ തന്നെ ഞാൻ കണ്ടതിന്റെ പീക്കാണ്. ഇപ്പോൾ കിട്ടിയ പ്രത്യേക ജൂറി പരാമർശം എന്നെ സംബന്ധിച്ച് മുന്നോട്ടുള്ള കരിയറിൽ മാത്രമല്ല എന്റെ വ്യക്തിജീവിതത്തിലും വലിയ ഇന്ധനമാണ്. കരിയറിൽ പല സമയത്തും എനിക്ക് ഉയർച്ചതാഴ്ചകൾ ഉണ്ടായിട്ടുണ്ട്. ഓരോതവണയും താഴ്ചയിലേക്ക് പോകുമ്പോൾ ഒരു മികച്ച മുന്നേറ്റമുണ്ടാകും എന്ന് മനസുകൊണ്ട് എപ്പോഴും ആഗ്രഹിക്കാൻ ശ്രമിക്കുകയായിരുന്നു. ശ്രമിച്ചാൽ നേടാൻ കഴിയുമെന്നും പോകുന്നത് ശരിയായ ട്രാക്കിലാണെന്നും തോന്നുന്നത് ഇങ്ങനെയുള്ള അംഗീകാരം കിട്ടുമ്പോഴാണ്'- ആസിഫ് വ്യക്തമാക്കി.

55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അൽപസമയം മുൻപാണ് പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി കരസ്ഥമാക്കി. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച നടി ഷംല ഹംസ. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിനാണ് പുരസ്കാരം. അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ടൊവിനോ തോമസ്,​ അസിഫ് അലി,​ നടിമാരായ ജ്യോതിർമയി,​ ദർശന രാജേന്ദ്രൻ എന്നിവരും കരസ്ഥമാക്കി. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി.