womens-world-cup

ആദ്യ വനിതാ ലോകകപ്പ് കിരീടനേട്ടത്തിന്റെ ആഘോഷലഹരിയിൽ ഇന്ത്യ

മുംബയ് ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ എക്സ്ട്രാ കവറിൽ പിന്നോട്ടോടി ഉയർന്നുപൊങ്ങി ഹർമൻപ്രീത് കൗർ കയ്യിലൊതുക്കിയത് നാദീൻ ക്ളെർക്കെന്ന ദക്ഷിണാഫ്രിക്കക്കാരിയുടെ ബാറ്റിൽതട്ടി ഉയർന്ന പന്തുമാത്രമല്ല ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ വനിതാ ലോകകപ്പ് കിരീടം കൂടിയായിരുന്നു.

സ്വപ്നത്തിലെന്നോണമായിരുന്നു ഇന്ത്യൻ പെൺപുലികളുടെ കിരീടത്തിലേക്കുള്ള പ്രയാണം. മുംബയ്‌യിൽ നിറഞ്ഞുപെയ്ത മഴയിൽ ഫൈനൽ വൈകുമ്പോൾ ക്ഷമയോടെ കാത്തിരുന്ന ആരാധകർക്ക് രാവുപുലരുംവരെ ആഘോഷിക്കാനുള്ള നിമിഷങ്ങൾ ഹർമൻപ്രീത് കൗറും കൂട്ടുകാരികളും കാത്തുവച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്ന ഇന്ത്യയ്ക്ക് 300 കടക്കാൻ കഴിയാതിരുന്നത് സമ്മർദ്ദമുണ്ടാക്കിയിരുന്നു. പ്രത്യേകിച്ച് ലോറ വോൾവാറ്റിനെപ്പോലൊരു വമ്പനടിക്കാരി നയിക്കുന്ന ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയും മഞ്ഞുവീഴുന്ന മുംബയ് രാത്രിയും ഈ സ്കോർ തടുക്കാൻ പ്രയാസമുണ്ടാക്കാമെന്ന് ക്രിക്കറ്റ് വിശാരദർ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിലും വലിയ ഓസ്ട്രേലിയയെ സെമിയിൽ പിഴുതെറിഞ്ഞ അതേവേദിയിൽ ഒന്നിനെയും ഭയമില്ലെന്ന് മനസിലുറപ്പിച്ച് കളത്തിറങ്ങിയ ഇന്ത്യൻ ടീം ചരിത്രമെഴുതുകതന്നെ ചെയ്തു.

ലോറയെ ഒരറ്റത്ത് പൊരാടാൻവിട്ട് മറ്റേ അറ്റത്ത് പിന്തുണക്കാരെവീഴ്ത്തുകയായിരുന്നു ഇന്ത്യൻ തന്ത്രം. ലോറ ഈ ലോകകപ്പിലെ തന്റെ രണ്ടാമത്തെ സെഞ്ച്വറി തികച്ചപ്പോഴേക്കും ആറ് ദക്ഷിണാഫ്രിക്കക്കാർ കൂടാരം കയറിയിരുന്നു. ഏഴാമതായി ലോറയും മടങ്ങിയതോടെ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമായി. ചില ക്യാച്ചുകൾ മിസാക്കിയെങ്കിലും ലോറയെ പുറത്താക്കാൻ അമൻജോത് ഒറ്റക്കൈകൊണ്ടെടുത്തതും ക്ളാർക്കിനെ ഹർമൻ പറന്നെടുത്തതുമായ ക്യാച്ചുകൾ വേറിട്ടുനിന്നു. താസ്മിൻ ബ്രിറ്റ്സിന്റെയും ഖാകയുടേയും റൺഔട്ടുകളും ഇന്ത്യൻ ഫീൽഡിംഗിന്റെ തിളക്കം എടുത്തുകാട്ടുന്നതായിരുന്നു.

സെമിഫൈനൽ ജെമീമയുടേതും ഹർമന്റേതുമായിരുന്നെങ്കിൽ ഫൈനൽ വിജയം ഷഫാലിക്കും ദീപ്തിക്കും റിച്ചയ്ക്കും സ്മൃതിക്കും അവകാശപ്പെട്ടതായിരുന്നു. ന്യൂസിലാൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ സെഞ്ച്വറിയടിച്ച പ്രതികാ റാവലിന് പകരമാണ് ഷഫാലിയെ ടീമിലേക്ക് വിളിപ്പിച്ചത്. സെമിയിൽ നിരാശപ്പെടുത്തിയ ഷഫാലി ഫൈനലിൽ 78 പന്തുകളിൽ നിന്ന് നേടിയ 87 റൺസ് മാത്രമല്ല അടുത്തടുത്ത ഓവറുകളിൽ സുനേ ലസിനെയും മരിസാനേ കാപ്പിനെയും പുറത്താക്കിയതുമാണ് കളിയു‌ടെ വിധി മാറ്റിയെഴുതിയത്. പന്തും ബാറ്റും ആയുധങ്ങളാക്കിയ ദീപ്തി അർദ്ധസെഞ്ച്വറിക്കൊപ്പം അഞ്ചുവിക്കറ്റും എന്ന അപൂർവ്വ നേട്ടത്തിനുടമയായി. സെമിയിലും ദീപ്തിയുടെ ബാറ്റിംഗ് ഇന്ത്യയെ തുണച്ചിരുന്നു.വിക്കറ്റിന് പിന്നിൽ തിളങ്ങിയ റിച്ച ഘോഷ് അവസാന ഓവറുകളിൽ സ്കോർ ഉയർത്തുന്നതിലും നിർണായകപങ്കുവഹിച്ചു.

1983ൽ കപിലിന്റെ ചെകുത്താന്മാർ ലോഡ്സിൽ വെസ്റ്റ് ഇൻഡീസിനെ കീഴടക്കിയാണ് ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നൽകിയത്. പിന്നീട് ധോണി 2007ൽ ട്വന്റി-20യിലും 2011ൽ ഏകദിനത്തിലും ലോകകപ്പുയർത്തി. 2024ൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ വീണ്ടും ട്വന്റി-20 ലോകചാമ്പ്യന്മാരായി.അപ്പോഴൊക്കെയും ഇന്ത്യയ്ക്ക് വനിതാക്രിക്കറ്റിൽ ഒരു ലോകകപ്പില്ലായിരുന്നു. ആ വലിയ കുറവാണ് ഹർമൻപ്രീത് കൗറും സംഘവും നികത്തിയിരിക്കുന്നത്. ഇത് ഒരു ദിവസത്തെയോ, ഒരു ടൂർണമെന്റിലെയോ മാത്രം പ്രയത്നത്തിന്റെ ഫലമല്ല. 1973 മുതലുള്ള വനിതാ ലോകകപ്പുകളിൽ കളിച്ച ഓരോആൾക്കുംകൂടി അവകാശപ്പെട്ട വിജയമാണിത്. കാരണം കല്ലും മുളളും മലയും ഉൾപ്പടെ പ്രതികൂലസാഹചര്യങ്ങൾ താണ്ടിക്കയറി അവർ തെളിച്ചവഴിയിലൂടെയാണ് കിരീടമേറ്റുവാങ്ങാൻ ഹർമൻപ്രീത് കൗർ ചുവടുവച്ചത്.

ഇവർ ഇന്ത്യയുടെ

കിരീടശിൽപ്പികൾ

ദീപ്തി ശർമ്മ

ഒൻപത് മത്സരങ്ങളിലെ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് മൂന്ന് അർദ്ധസെഞ്ച്വറികളടക്കം 215 റൺസ്. 22 വിക്കറ്റുകൾ. ടൂർണമെന്റിലെ ടോപ് വിക്കറ്റ് ടേക്കറും പ്ളേയർ ഒഫ് ദ ടൂർണമെന്റും.

സ്മൃതി മാന്ഥന

ഒൻപത് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയും രണ്ട് അർദ്ധസെഞ്ച്വറികളുമടക്കം 434 റൺസ്. ടൂർണമെന്റിലെ റൺവേട്ടയിൽ ലോറയ്ക്ക് (571) പിന്നിൽ രണ്ടാമത്.

പ്രതിക റാവൽ

ആറ് ഇന്നിംഗ്സുകളിൽ ഓരോ സെഞ്ച്വറിയും അർദ്ധസെഞ്ച്വറിയുമടക്കം 308 റൺസ്.

ജെമീമ റോഡ്രിഗസ്

ഏഴ് ഇന്നിംഗ്സുകളിൽ ഓരോ സെഞ്ച്വറിയും അർദ്ധസെഞ്ച്വറിയുമടക്കം 292 റൺസ്.മികച്ച ഫീൽഡിംഗ്.

ഹർമൻപ്രീത് കൗർ

എട്ട് ഇന്നിംഗ്സുകളിൽ രണ്ട് അർദ്ധസെഞ്ച്വറികളടക്കം 260 റൺസ്.

റിച്ച ഘോഷ്

എട്ട് ഇന്നിംഗ്സുകളിൽ ഒരു അർദ്ധസെഞ്ച്വറിയടക്കം 235 റൺസ്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സടിച്ച താരം.

ഷഫാലി വർമ്മ

രണ്ട് മത്സരങ്ങളിൽ നിന്ന് 97 റൺസ്. ഫൈനലിൽ 87 റൺസും രണ്ട് വിക്കറ്റും. പ്ളേയർ ഒഫ് ദ ഫൈനൽ.

ശ്രീചരണി

ഇന്ത്യൻ ബൗളിംഗിൽ ദീപ്തിക്ക് ശേഷം ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് 21കാരിയായ ശ്രീചരണിയാണ്. ആദ്യ ലോകകപ്പിൽ 14 വിക്കറ്റുകളാണ് ശ്രീചരണിക്ക് ലഭിച്ചത്.

ക്രാന്തി ഗൗഡ്

എട്ടുമത്സരങ്ങളിൽ നിന്ന് ഒൻപത് വിക്കറ്റുകൾ നേടി.

സ്നേഹ് റാണ

ആറുമത്സരങ്ങളിൽ ഏഴുവിക്കറ്റ്